
പാറശാല: വാഹനാപകടത്തെ തുടർന്ന് മരിച്ച ആളിന്റെ മൃതദേഹത്തോട് പൊലീസ് അവഗണന കാട്ടിയതായി പരാതി. ഞായറാഴ്ച രാത്രി 8.30ന് പാറശാല ഗേൾസ് ഹൈസ്‌കൂളിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാറശാല കാരാളി സ്വദേശി ഹരിയുടെ (61) മൃതദേഹമാണ് പൊലീസിന്റെ അനാസ്ഥ കാരണം പോസ്റ്റ്മോർട്ടം മൂന്നാം ദിവസത്തേക്ക് മാറ്റിവച്ചത്. പാറശാല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 11.30 നാണ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് കൈമാറിയത്.
ഹരിയുടെ മകൻ സൈനികനായ പത്മകുമാർ പഞ്ചാബിൽ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടിലെത്തിയെങ്കിലും മൃതദേഹം മോർച്ചറിയിൽ തന്നെയായിരുന്നു. മൃതദേഹ പരിശോധനയ്ക്കും മറ്റ് പോസ്റ്റുമാർട്ടം നടപടികൾക്കുമായി പാറശാല സി.ഐ ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ അനാസ്ഥയാണ് നടപടികൾ വൈകിപ്പിക്കുന്നതിന് പിന്നിലെന്ന് ബന്ധുക്കൾ പറയുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഉച്ചയ്ക്ക് 2.30ന് തന്നെ ബന്ധുക്കൾ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചെങ്കിലും ഇൻക്വസ്റ്റ് നടപടികൾ തുടരാതെ അലംഭാവം തുടർന്നത് കാരണം പോസ്റ്റ്മോർട്ടം അടുത്ത ദിവസത്തേക്ക് മാറ്റുന്നതിന് കാരണമായെന്നാണ് ബന്ധുക്കളുടെ പരാതി.
അച്ഛന്റെ മൃതദേഹത്തോട് കാട്ടിയ അവഗണനയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സൈനികനായ പത്മകുമാർ നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് പരാതി നൽകി.