കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. അതേസമയം സുരേഷിന് ഹൃദ്രോഗമുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വെളിപ്പെടുത്തി. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുരേഷ് ഒരു രോഗത്തിനും ചികിത്സ തേടിയിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
സബ് കളക്ടർ മാധവിക്കുട്ടി, നെയ്യാറ്റിൻകര ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് വിനോദ് ബാബു എന്നിവരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷമായിരുന്നു സംസ്കാരം. അനന്തപുരി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ട് മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് സർജന്മാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ജഡ്ജിക്കുന്നിലെത്തിയ യുവ ദമ്പതികളെയും സുഹൃത്തിനെയും തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും യുവതിയെ കടന്നുപിടിക്കുകയും ചെയ്‌തതിനാണ് സുരേഷിനെയും സുഹൃത്തുക്കളായ മറ്റ് നാലുപേരെയും ഞായറാഴ്ച രാത്രി തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് പൊലീസ് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സമയത്തുണ്ടായ മർദ്ദനമാണ് സുരേഷിന്റെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
സുരേഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും തിങ്കളാഴ്ച തിരുവല്ലം പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചിരുന്നു. തുടർന്ന് ആർ.ഡി.ഒയും ഡെപ്യൂട്ടി പൊലീസ് കമ്മിഷണറും ഇടപെട്ട് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടന്നത്. തിരുവല്ലം എസ്.ഐയെ മാറ്റിനിറുത്തുകയും സി.ഐ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്. ദമ്പതികളുടെ പരാതിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മറ്റ് നാല് പ്രതികളായ രാജേഷ്, രാജേഷ് കുമാർ,വിനീത്, ബിജു എന്നിവർ പൊലീസ് കാവലിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ജാമ്യാപേക്ഷ നാളെ കോടതിയിൽ സമർപ്പിക്കും. പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുക. അതേസമയം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ളെയിന്റ് അതോറിട്ടി തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തി കേസിന്റെ രേഖകളും മറ്റ് തെളിവുകളും ശേഖരിച്ചു. സിസി ടിവി കാമറ ദൃശ്യങ്ങൾ ലഭ്യമാക്കാൻ നിർദേശിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം വിലാപ യാത്രയായി തിരുവല്ലം ജഡ്‌ജിക്കുന്നിലെ വീട്ടിലെത്തിച്ചശേഷമാണ് മൃതദേഹം തൈയ്ക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചത്. വൈകിട്ട് നാലോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ പിതാവ് സി. പ്രഭാകരനും മാതാവ് സുധയും അന്തിമോപചാരം അർപ്പിച്ചു. എം. വിൻസെന്റ് എം.എൽ.എ, വി.എസ്.ഡി.പി നേതാവ് വിഷ്‌ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവരുൾപ്പെടെ ജനപ്രതിനിധികളും നാട്ടുകാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഫോർട്ട് അസി.കമ്മിഷണറുടെ നേതൃത്വത്തിൽ തിരുവല്ലത്തും പരിസരത്തും ശക്തമായ പൊലീസ് സുരക്ഷ ക്രമീകരിച്ചിരുന്നു.
അസി.കമ്മിഷണർ ബി. അനിൽകുമാറിന്റെ
നേതൃത്വത്തിൽ അന്വേഷണം
വിഴിഞ്ഞം: സുരേഷ് കസ്റ്റഡിയിൽ മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസി. കമ്മിഷണർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഇന്ന് മുതൽ അന്വേഷണം തുടങ്ങുമെന്ന് ബി. അനിൽകുമാർ അറിയിച്ചു.