fire

കല്ലറ: പാങ്ങോട് പഞ്ചായത്തിന്റെ കോമ്പൗണ്ടിലെ കെട്ടിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ഓഫീസുകളിലെ പഴയ ഫയലുകൾ സാമൂഹ്യ വിരുദ്ധർ കത്തിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിനോട് ചേർന്ന കൃഷി ഭവന്റെ ഓഫീസ് കെട്ടിടത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പഞ്ചായത്തിന്റേയും കൃഷിഭവന്റേയും അൻപത് വർഷത്തിലേറെ പഴക്കമുള്ള ഫയലുകളാണ് കത്തിച്ചത്. തീ കത്തുന്നത് കണ്ട് ഓടിയെത്തിയവർക്ക് തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതായതോടെ ഫയർഫോഴ്സിനെ വിളിച്ചു. അവർ എത്തിയാണ് തീ അണച്ചത്.

ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഇത്തരത്തിൽ തീ കത്തിക്കുന്നത്. ആദ്യം ദിനം പാങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് വർഷങ്ങളായി സൂക്ഷിച്ചിരുന്ന ഫയലുകളാണ് കത്തിച്ചത്. ഒരാഴ്ച മുൻപ് പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടലിന് സമീപം സൂക്ഷിച്ചിരുന്ന ഫയലുകളും കത്തിച്ചിരുന്നു. രണ്ടു തവണയും പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുണ്ടാകാത്തത് കൊണ്ടാണ് ഇത് ആവർത്തിക്കുന്നതെന്നും കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ രാഷ്ട്രീയ വിരോധം തീർക്കുന്നതിന് സാമൂഹ്യ വിരുദ്ധർ കരുതി കൂട്ടി ചെയ്യുന്നതാണിതെന്നും, പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി പറഞ്ഞു.