തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ തിരുവല്ലം സ്വദേശി സുരേഷ് (40) മരിച്ച സംഭവത്തിൽ പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ തിരുവല്ലം സ്റ്റേഷൻ സന്ദർശിച്ചു. ' സുരേഷ് മരിച്ചു എന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ അത് എങ്ങനെയെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും' അദ്ദേഹം പറഞ്ഞു.

സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചശേഷമുള്ള പ്രാഥമിക പരിശോധനയിൽ സുരേഷിന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ജി.ഡി എൻട്രിയിൽ ഉൾപ്പെടെ കൃത്യമായി രേഖപ്പെടുത്തിയെന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ സി.സി ടിവികൾ എല്ലാം പ്രവർത്തനക്ഷമമാണെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ വരും ദിവസങ്ങളിൽ പരിശോധനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.