കുളത്തൂർ: ശ്രീനാരായണഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കോലത്തുകര ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും കോലത്തുകര ലക്ഷദീപവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഇന്നലെ. വൈകിട്ട് 6.15ന് കോലത്തുകര മഹാദേവന്റെ തിരുമുറ്റത്തെ ആട്ടവിളക്കിൽ മന്ത്രി ജി.ആർ. അനിൽ തിരിതെളിച്ചതോടെ ശിവരാത്രി മഹോത്സവത്തിനും കോലത്തുകര ലക്ഷദീപത്തിനും തിരിതെളിഞ്ഞു.
അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. നഗരസഭാ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാജോൺ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, നാജ, ശ്രീദേവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ, ഡി.സി.സി സെക്രട്ടറി അഡ്വ. സുബോധൻ, ഡി.സി.സി അംഗം കുളത്തൂർ അജയൻ, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസൻ, സെക്രട്ടറി എസ്. സതീഷ്ബാബു, മുൻ കൗൺസിലർമാരായ സുനി ചന്ദ്രൻ, പ്രതിഭ ജയകുമാർ, കോലത്തുകര ക്ഷേത്ര സമാജം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
രാവിലെ 5.30ന് ഗുരുപൂജയോടെയാണ് ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചത്. 6ന് ഉഷ പൂജ തുടർന്ന് അഖണ്ഡ നാമജപാരംഭം. 8ന് പന്തീരടിപൂജ. 8.30ന് ക്ഷേത്ര മേൽശാന്തി സഞ്ജിത്ത് ദയാനന്ദന്റെ നേതൃത്വത്തിൽ രുദ്ര കലശപൂജ. 11ന് കലശം, എഴുന്നള്ളത്ത്, അഭിഷേകം. 6.45ന് ദീപക്കാഴ്ച. 7ന് ഗുരുപൂജ. 7.30 മുതൽ സമൂഹ സഹസ്രനാമാർച്ചന. 8.30ന് അത്താഴപൂജ തുടർന്ന് പുഷ്‌പാഭിഷേകം. മാർച്ച് 2ന് വെളുപ്പിന് 5.10ന് ഇളനീർ അഭിഷേകം. 6.20ന് അഖണ്ഡ നാമജപസമാപ്തി. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് മഹാശിവരാത്രി മഹോത്സവവും ലക്ഷദീപ ചടങ്ങുകളും വൻ വിജയമാക്കിയ ഭക്തജനങ്ങൾക്കും ലക്ഷദീപത്തിന് സഹായങ്ങൾ ചെയ്ത ടെക്നോപാർക്ക് ഫയർഫോഴ്സ് യൂണിറ്റിനും കെ.എസ്.ഇ.ബി. അധികൃതർക്കും തുമ്പ പൊലീസ് ഉദ്യോഗസ്ഥർക്കും കോലത്തുകര ക്ഷേത്ര സമാജം ഭാരവാഹികൾ നന്ദി അറിയിച്ചു.