 മദ്യപ സംഘം മർദ്ദിച്ചതായി ദമ്പതികൾ

തിരുവനന്തപുരം: തിരുവല്ലം ജ‌ഡ്ജിക്കുന്നിൽ ഞായറാഴ്ച സന്ധ്യയ്ക്കെത്തിയ ദമ്പതികൾക്കുനേരെ നടന്നത് സദാചാര പൊലീസിംഗെന്ന് പരാതി. പേരൂർക്കട സ്വദേശിയായ യുവ ഐ.ടി കമ്പനി ജീവനക്കാരനും ഭാര്യയും സുഹൃത്തുമാണ് പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട സുരേഷ് ഉൾപ്പെടെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായെന്നാണ് ഇവർ പറയുന്നത്.

ടൂറിസ്റ്റ് സ്‌പോട്ടെന്ന നിലയിലാണ് ദമ്പതികൾ സുഹൃത്തുമൊത്ത് ഇവിടെയെത്തിയത്. ജഡ്‌ജിക്കുന്നിലേക്കുള്ള റോഡിൽ ടാറിംഗ് അവസാനിക്കുന്ന ഭാഗത്ത് ഇവരുടെ കാറെത്തിയപ്പോൾ റോഡരികിൽ മദ്യപിച്ചിരുന്ന സംഘം ഇവരുടെ വാഹത്തിനുള്ളിലേക്ക് ടോർച്ചടിച്ചശേഷം നിറുത്താൻ പറഞ്ഞു. കാർ നിറുത്തി ഗ്ളാസ് താഴ്‌ത്തിയപ്പോൾ ദമ്പതികളാണെന്നും ജ‌‌ഡ്‌ജിക്കുന്ന് കാണാൻ വന്നതാണെന്നും അറിയിച്ചു. സോറി പറഞ്ഞ് കാർ മുന്നോട്ടുപോകാൻ അനുവദിച്ചതിനെ തുടർന്ന് ദമ്പതികൾ കുന്നിന് മുകളിലെത്തി.

കുന്നിന് മുകളിൽ കാഴ്ചകൾ കാണാൻ ആളുകളുണ്ടാകുമെന്നാണ് കരുതിയതെങ്കിലും ഒറ്റപ്പെട്ട ഒരു കെട്ടിടമൊഴിച്ചാൽ ആളുകളുടെ സാന്നിദ്ധ്യമുണ്ടായില്ല. ഇരുട്ട് മൂടുകയും കുന്നിൻമുകൾ വിജനമാകുകയും ചെയ്‌തതോടെ ഭയപ്പെട്ട സംഘം കാറിൽ തിരികെ പോകാനൊരുങ്ങുമ്പോൾ ഇരുളിന്റെ മറവിൽ ഒരാൾ നിൽക്കുന്നതായി കണ്ടു. യുവതി ഭയന്നുപോയെങ്കിലും ഭർത്താവും സുഹൃത്തും അവരെ സമാധാനിപ്പിച്ച് വാഹനത്തിന് സമീപത്തേക്ക് മാറ്റി. ഇരുളിൽ നിന്ന ആളോട് ആരാണെന്നും ഇവിടെ നിൽക്കുന്നത് എന്താണെന്നും ഐ.ടി ജീവനക്കാരനായ യുവാവ് അന്വേഷിച്ചു.

ഇതോടെ അക്രമിക്കാൻ ശ്രമിച്ച മദ്യപസംഘത്തിലെ യുവാവിന് പിന്നാലെ കൂടുതൽ പേരെത്തി ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്‌തു. കോൺക്രീറ്റ് കെട്ടിന് മുകളിൽ നിൽക്കുകയായിരുന്ന യുവതിയുടെ ഭർത്താവിനെ താഴ്ചയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും കൊക്കയിൽ തള്ളി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. മൊബൈൽ ഫോണിലുളള വിവാഹഫോട്ടോ കാട്ടിയെങ്കിലും യുവതിയെ കടന്നുപിടിച്ച സംഘം വിവാഹമോതിരമുൾപ്പെടെ പരിശോധിച്ചു. ഇതിനിടെ സംഘത്തിലെ ചിലർ ഐ.ടി ജീവനക്കാരനെയും സുഹൃത്തിനെയും മർദ്ദിച്ചെന്നാണ് മൊഴി.

പൊലീസിനെ വിളിക്കാമെന്നും അവർ വന്നിട്ട് തങ്ങളെ വിട്ടാൽ മതിയെന്നും ദമ്പതികൾ പറഞ്ഞെങ്കിലും തങ്ങൾക്ക് പരിചയമുള്ള ഷാഡോ പൊലീസ് ഉണ്ടെന്നും അയാൾ വന്നിട്ട് വിടാമെന്നുമായി മദ്യപസംഘം. അല്പസമയത്തിനകം ഷാഡോ പൊലീസെന്ന പേരിലെത്തിയ ആളോട് ഐ.ഡി കാർഡ് ആവശ്യപ്പെട്ടെങ്കിലും കാർഡ് കാണിക്കാൻ തയ്യാറായില്ല. ഇതോടെയാണ് ദമ്പതികൾ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്.

പൊലീസെത്തുന്നതുകണ്ട് സംഘം പലവഴിക്കായി ഓടി. തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നതിനിടെയാണ് പൊലീസ് സംഘം പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്. അക്രമിച്ചത് ഇവർ തന്നെയാണെന്ന് ഉറപ്പാക്കി കേസെടുത്ത ശേഷമാണ് ഞായറാഴ്ച രാത്രി ദമ്പതികൾ മടങ്ങിയത്.