
തിരുവനന്തപുരം: കേരളസർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച കന്നി ചിത്രം 'നിഷിദ്ധോ' പതിമ്മൂന്നാമത് ബംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ ഇന്ത്യൻ സിനിമാ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. താര രാമാനുജനാണ് രചനയും സംവിധാനവും. മാർച്ച് 3 മുതൽ 10 വരെയാണ് മേള.
കെ.എസ്.എഫ്.ഡി.സിയുടെ 'ഫിലിംസ് ഡയറക്ടഡ് ബൈ വിമെൻ' പദ്ധതിയിൽ നിർമ്മിക്കുന്ന രണ്ട് സിനിമകളിൽ ഒന്നാണിത്. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ പട്ടണത്തിലേക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. കനി കുസൃതിയും തൻമയ് ധനാനിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വനിതാ സംവിധായകർക്ക് വർഷം രണ്ട് സിനിമകൾ നിർമ്മിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗക്കാരായി സംവിധായകർക്കായുള്ള പദ്ധതിയിൽ കെ.എസ്.എഫ്. ഡി.സി രണ്ട് സിനിമകൾ നിർമ്മിക്കും. ഇതിൽ ലിംഗഭേദമില്ലാതെ സംവിധായകർക്ക് അപേക്ഷിക്കാം. ചലച്ചിത്രരംഗത്ത് നവീന സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ ഇത്തരം പദ്ധതികൾ അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനം കേരളമാണെന്ന് നിഷിദ്ധോയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞു.