തിരുവനന്തപുരം: 111 ദിവസം നീണ്ടുനിക്കുന്ന 44-ാമത് സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ഗണേശത്തിൽ ഇന്നലെ 'സൗകുമാര്യ'ത്തിന് തിരിതെളിഞ്ഞു. പ്രശസ്ത സംഗീതജ്ഞനായ എം. ജയചന്ദ്രൻ തന്റെ അമ്മയായ സുകുമാരി അമ്മയ്ക്കുള്ള സ്നേഹസമ്മാനം എന്ന വണ്ണം സംഘടിപ്പിച്ച സംഗീതാഞ്ജലിയാണ് 'സൗകുമാര്യം'. മൂന്ന് ദിനമായി സംഘടിപ്പിച്ചിരിക്കുന്ന 'സൗകുമാര്യം' സംഗീത സദസ് നാളെ സമാപിക്കും. സദസിന്റെ ക്യൂറേറ്ററും എം. ജയചന്ദ്രനാണ്. ഉദ്‌ഘാടന ദിനമായ ഇന്നലെ പ്രശസ്ത കർണാട്ടിക് സംഗീതജ്ഞരും സഹോദരങ്ങളുമായ രഞ്ജിനി - ഗായത്രി എന്നിവരാണ് കച്ചേരി അവതരിപ്പിച്ചത്. കേദാര രാഗത്തിൽ ചിട്ടപ്പെടുത്തിയ 'പരമാനന്ദ നടന' എന്ന സ്വാതി തിരുനാൾ കീർത്തനത്തോടെയാണ് കച്ചേരി ആരംഭിച്ചത്. രഞ്ജിനി - ഗായത്രിക്കൊപ്പം സായി ഗിരിധർ (മൃദംഗം)​, ഉഡുപ്പി ശ്രീധർ (ഘടം)​,​ ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ), തിരുവനന്തപുരം സമ്പത്ത് (വയലിൻ) എന്നിവരും അരങ്ങ് കൊഴുപ്പിച്ചു. സൗകുമാര്യത്തിന്റെ സമാപന ദിനമായ നാളെ എം. ജയചന്ദ്രനും സുഹൃത്തുക്കളും സഹപാഠികളുമായ ശങ്കരൻ നമ്പൂതിരി, ലാലു സുകുമാർ, ശ്രീവത്സൻ.ജെ.മേനോൻ എന്നിവരൊന്നിച്ച് കച്ചേരി അവതരിപ്പിക്കും.