aruvippuram

നെയ്യാറ്റിൻകര: ശ്രീ നാരായണ ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയത് അബ്രാഹ്മണനും പ്രതിഷ്ഠ നടത്താമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. അരുവിപ്പുറം ശിവരാത്രി മഹോത്സവത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

ശിവഗിരി ടി.വിയിലൂടെ സ്വാമി സാന്ദ്രാനന്ദ നടത്തിയ തത്സമയ ആത്മോപദേശശതക പഠന ക്ലാസിന്റെ പുസ്തകരൂപം മന്ത്രി എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അഡ്വ. കെ. സുധാകരനെ ആദരിച്ചു. കെ. ആൻസലൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ സുന്ദരേശൻ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർത്ഥ എന്നിവർ പങ്കെടുത്തു.

രാത്രിയിൽ നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് 1008 കുടം ജലമെടുത്ത് ശിവലിംഗത്തിൽ അഭിഷേകം ചെയ്ത ഭക്തിനിർഭരമായ ചടങ്ങിന് നൂറുകണക്കിന് ഭക്തർ സാക്ഷിയായി. ഇന്നുരാവിലെ 7ന് ക്ഷേത്രത്തിൽ ബലിതർപ്പണാദികൾക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.