മലയിൻകീഴ്: തെരുവുനായ ശല്യത്തിന് അറുതിവരാതെ ഗ്രാമപ്രദേശങ്ങൾ. വഴി നടക്കാനാകാത്തവിധം തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. മലയിൻകീഴ് സഹകരണ ബാങ്കിന് മുന്നിൽ കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ കൂട്ടത്തോടെ സ്കൂൾ കുട്ടികളെ ആക്രമിക്കാനെത്തിയത് വൻ ദുരന്തത്തിന് വഴിയൊരുങ്ങുമായിരുന്നു.

തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെടാനായി പെട്ടെന്ന് വിദ്യാർത്ഥികൾ റോഡിന് കുറുകെ ചാടിയത് നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കണ്ടത്. എപ്പോഴും തിരക്കേറിയതാണ് തിരുവനന്തപുരം കാട്ടാക്കട റോഡ്. വാഹനങ്ങൾ പെട്ടെന്ന് നിറുത്തിയതും വിദ്യാർത്ഥികളുടെ ഭാഗ്യവുമാണ് അപകടം ഒഴിവായത്.

തെരുവ് നായ്ക്കൾ താവളമടിച്ചിട്ടുള്ള മലയിൻകീഴ് സഹകരണ ബാങ്കിന് മുന്നിലാണ് സംഭവം. വില്ലേജ് ഓഫീസ് വരാന്തയും പരിസരപ്രദേശവും നേരത്തെ തന്നെ നായ്ക്കളുടെ കേന്ദ്രമാണ്.

സാധനങ്ങൾവാങ്ങി വില്ലേജ് ഓഫീസ് റോഡിലൂടെ പോകുന്നവർക്ക് നായ്ക്കളുടെ കടി ഏൽക്കാതിരുന്നാൽ ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുവഴി കടന്നുപോകുന്നവർക്ക് കടി ഏൽക്കാത്ത ഒരു ദിനം പോലുമില്ല. കൂട്ടമായെത്തുന്ന നായ്ക്കൾ അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടി വീഴുമ്പോൾ എത്ര ദൈര്യശാലിയാണെങ്കിലും പകച്ചുപോകും. വാഹനത്തിലാണെങ്കിൽ അപകടവും ഉറപ്പാണ്. നായ്ക്കളെ വിരട്ടി ഓടിയ്ക്കാൻ ശ്രമിച്ചാലും മുന്നോട്ട് പാഞ്ഞെത്തുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

ഭീതിപരത്തി വാസം

അടുത്തിടെ ബൈക്കിലെത്തിയ യുവാക്കളെ നായ്ക്കൾ ആക്രമിക്കാനെത്തിയപ്പോൾ അവയെ വിരട്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് നായ്ക്കളുടെ കടി ഏറ്റു. രാവും പകലും വ്യത്യാസമില്ലാതെ നായ്ക്കൾ മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ പെറ്റ്പെരുകി കൈയടക്കിയിരിക്കുകയാണ്. അടഞ്ഞ് കിടക്കുന്നതും അല്ലാത്തതുമായ കടകൾക്ക് മുന്നിലും റോഡിലുമായി ജനങ്ങളിൽ ഭീതിപരത്തി നായ്ക്കൾ വാസം ഉറപ്പിച്ചിരിക്കുകയാണ്.

കാൽനട-വാഹനയാത്രക്കാർക്ക് തെരുവ്നായ്ക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പറഞ്ഞറിയിക്കാനാകാത്ത വിധമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും പൊതുമാർക്കറ്റുകളുടെ പ്രവർത്തനവും പൂർവ സ്ഥിതിയിലായതോടെ തെരുവ് നായ്ക്കളും സജീവമായിട്ടുണ്ട്. നായ്ശല്യം അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

പൊറുതിമുട്ടി ജനം

മാലിന്യപ്പൊതി കടിച്ചെടുത്ത് ഓടുന്ന നായയുടെ പിന്നാലെ മറ്റ് നായ്ക്കൂട്ടവും ഓടുന്നത് പലപ്പോഴും യാത്രക്കാർ അപകടത്തിലാകാൻ കാരണമാകാറുണ്ട്. കാൽനടയായി പോകുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെ നായ്ക്കളുടെ ആക്രമണത്തിന് വിധേയമാകാറുണ്ട്. മലയിൻകീഴ് -ശാന്തുമൂല ശ്രീനാരായണ ലെയിൻ, ശാന്തിനഗർ, മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ, ബി.എസ്.എൻ മലയിൻകീഴ്-ഊരൂട്ടമ്പലം റോഡ്, പാപ്പനംകോട് റോഡ്, പാലോട്ടുവിള, മലയിൻകീഴ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിന് മുൻവശം, പൊതുമാർക്കറ്റ്, ശ്രീചട്ടമ്പി സ്വാമി സ്മാരകം തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളെ കൊണ്ട് ജനങ്ങൾക്ക് പൊറുതിമുട്ടി.