sui

നെയ്യാറ്റിൻകര: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ആത്മഹത്യചെയ്‌ത ദമ്പതികളുടെ 20 ദിവസം പ്രായമായ പെൺകുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറി. കവളാകുളം വലിയവിള ഏദൻസ് നിവാസിൽ വാടകയ്‌ക്ക് താമസിക്കുന്ന തിരുപുറം പുലവംഗൽ കെ.എൽ. ഭവനിൽ ഷിജു സ്റ്റീഫൻ (45), ഭാര്യ കാരോട് മാറാടി കല്ലംപൊറ്റവീട്ടിൽ പ്രമീള (37) എന്നിവരെയാണ് രണ്ടുദിവസം മുമ്പ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമീളയുടെ മൃതദേഹം കഴിഞ്ഞദിവസവും ഷിജു സ്റ്റീഫന്റെ മൃതദേഹം ഇന്നലെയും സംസ്‌കരിച്ചു.

സാമ്പത്തിക പരാധീനതകളാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഷിജുവിന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ സാധനങ്ങൾ മൊത്തവിലയ്ക്കെടുത്ത് കച്ചവടം ചെയ്യുകയായിരുന്ന ഷിജുവിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു പ്രമീള. പിന്നീട് ഇരുവരും അടുപ്പത്തിലാെക വിവാഹം കഴിക്കുകയായിരുന്നു.

വിവാഹത്തോടെ ഇരുവരും വീട്ടുകാരുമായി അകൽച്ചയിലായി. പല സ്ഥലങ്ങളിലായി വാടകയ്‌ക്ക് താമസിച്ചിരുന്ന ഇവർ എട്ടുമാസം മുമ്പാണ് കവളാകുളത്തെത്തിയത്. മാസങ്ങളായി വീട്ടുവാടക നൽകിയിരുന്നില്ലെന്നും പ്രമീള ഗർഭിണിയായിരുന്നതിനാൽ അത്യാവശ്യ വീട്ടുസാധനങ്ങളടക്കമുള്ളവ നൽകി സഹായിച്ചിട്ടുണ്ടെയും വീട്ടുടമ പറയുന്നു. ദമ്പതികൾ ആത്മഹത്യ ചെയ്‌ത വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നഗരസഭ കൗൺസില‌‌ർമാരായ കെ.കെ. ഷിബു, സൗമ്യ എന്നിവർ ചേർന്ന് സംഭവ ദിവസം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കുഞ്ഞിനെ ഏറ്റെടുക്കാൻ ഇരുവരുടെയും വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏല്പിച്ചത്. റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥ്, ഡിവൈ.എസ്.പി എസ്. ശ്രീകാന്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എൻ. സാഗർ, എസ്.ഐ സെന്തിൽകുമാർ എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.