
വക്കം: ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായി മേൽകടയ്ക്കാവൂർ പഴഞ്ചിറക്കുളം. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പഴഞ്ചിറ കുളത്തിന്റെ ജൈവ വൈവിദ്ധ്യ പഠനത്തിന് തുടക്കംക്കുറിച്ചു. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല കുളങ്ങളിൽ ഒന്നാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന പഴഞ്ചിറക്കുളം. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡാണ് പഠനത്തിന് നേതൃത്വം നൽകിയത്.
കേരള ജൈവ വൈവിദ്ധ്യ ബോർഡും, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിദ്ധ്യ പരിപാലന സമിതിയും സംയുക്തമായാണ് പഴഞ്ചിറക്കുളത്തിലെ വിവര സമാഹരണം നടത്തിയത്. കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ - ഓർഡിനേറ്റർ ഡോ. അഖില എസ്. നായരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
ജൈവ വൈവിദ്ധ്യ ഡേറ്റാ സമാഹരണത്തിനായി ജില്ലയിലെ തന്നെ ആദ്യ പഠനത്തിനാണ് പഴഞ്ചിറയിൽ തുടക്കമിട്ടത്. വിവിധ മേഖലകളിലുള്ള ഇരുപത്തഞ്ചോളം പേര്‍ ആറ് സംഘമായി തിരിഞ്ഞാണ് ഡേറ്റകൾ ശേഖരിച്ചത്.
ആഫ്രിക്കൻ പായൽ, കുളവാഴ എന്നിവയുടെ സാനിദ്ധ്യവും ഇവിടെ കാണാനായി. ഇവയുടെ ത്വരിതവളർച്ച സൂക്ഷ്മജീവികൾക്കും മത്സ്യങ്ങൾക്കും ദോഷകരമാണ്. പഴഞ്ചിറക്കുളത്തെ ജൈവവൈവിദ്ധ്യ പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനും കുളത്തിന്റെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കാനുമാണ് ഇവയെ ദോഷകരമായി ബാധിക്കുന്നവയെകൂടി പഠനവിഷയമാക്കുന്നത്.
കുളത്തിന്റെ വിസ്തൃതി - പത്ത് ഏക്കറോളം
കുളം ഒരിക്കലും വറ്റാറില്ല
ജില്ലയിൽ പഴഞ്ചിറയെ കൂടാതെ കഠിനംകുളം കായൽ, കരിച്ചാൽ കായൽ എന്നിവിടങ്ങളിലും പഠനം നടത്തുന്നുണ്ട്.
സംസ്ഥാന ഹരിതകേരള മിഷൻ പ്രതിനിധിയും പഠനത്തിൽ പങ്കെടുത്തു
പഠനവിഷയമാക്കുന്നത്
പഴഞ്ചിറക്കുളവും അനുബന്ധ പ്രദേശത്തെ സസ്യ, ജീവ ജാലങ്ങളുടെ വിവര ശേഖരണം, അവയുടെ ആവാസ വ്യവസ്ഥ, വൈവിദ്ധ്യങ്ങൾ, വെല്ലുവിളികൾ എന്നിവയാണ് പഠന വിഷയമാക്കുന്നത്.