road

ചിറയിൻകീഴ്: ഇരുകരകളായി കഴിഞ്ഞിരുന്ന പെരുമാതുറ-താഴംപള്ളി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് പാലം യാഥാർത്ഥ്യമായിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും താഴംപള്ളി, പൂത്തുറ, ശിങ്കാരത്തോപ്പ് മേഖലയിലുള്ളവർക്ക് യാത്രാസൗകര്യം ഇപ്പോഴും കാതങ്ങൾ അകലെയാണ്. താഴംപള്ളി-അഞ്ചുതെങ്ങ് റൂട്ടിൽ കെ.എസ്.ആർ.ടി.സിയോ മറ്റ് സമാന്തര സർവീസുകളോ സർവീസ് നടത്താത്തതാണ് ഈ മേഖലയിലുള്ളവരുടെ യാത്രാ ക്ലേശത്തിന് കാരണം. പാലം യാഥാർത്ഥ്യമായതോടെ തിരുവനന്തപുരം മേഖലയേയും വർക്കലയേയും ബന്ധിപ്പിച്ച് നിരവധി സർവീസുകൾ ഇതുവഴി വരുമെന്ന് കണക്കുകൂട്ടിയവർക്ക് നിരാശമാത്രമാണ് മിച്ചം. ശംഖുംമുഖം, വേളി, മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, ആശാൻ സ്മാരകം, വർക്കല ബീച്ച് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെബന്ധിപ്പിച്ചും സർവീസുകൾ ഉണ്ടാകേണ്ടതായിരുന്നു. പാലം തുറന്ന കാലഘട്ടങ്ങളിൽ പേരിനായെങ്കിലും ചില സർവീസുകൾ താഴംപള്ളി പൂത്തുറ മേഖലകൾ വഴി ഉണ്ടായിരുന്നു. ക്രമേണ അതും അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്.

പ്രശ്നം റോഡിന്റെ വീതിക്കുറവ്

താഴംപള്ളി, പൂത്തുറ, ശിങ്കാരത്തോപ്പ് മേഖലയിലുള്ളവർക്ക് ബസ് സർവീസിന് കിലോമീറ്ററോളം നടക്കേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ ഓട്ടോയെ ആശ്രയിക്കണം. ഈ മേഖലയിൽ ഓട്ടോ സ്റ്റാൻഡ് ഇല്ലാത്തത് കാരണം എപ്പോഴും ഓട്ടോ ലഭിക്കണമെന്നില്ല. സവാരി കഴിഞ്ഞ് തിരിച്ചുപോകുന്ന ഓട്ടോകളെയാണ് പലരും ആശ്രയിക്കുന്നത്. താഴംപള്ളി മുതൽ അഞ്ചുതെങ്ങ് കോട്ടവരെയുള്ള 4 കിലോമീറ്ററോളം ദൂരം വരുന്ന റോഡിന്റെ വീതിക്കുറവും ഇവിടെ ഒരു പോരായ്മയാണ്. എന്നാൽ ഇവിടെ റോഡിന്റെ വീതികൂട്ടൽ അടക്കമുള്ള നടപടിക്രമങ്ങൾക്ക് ഫലപ്രദമായ മാർഗങ്ങൾ അധികൃതർ അവലംബിക്കുന്നുമില്ല.

നടപ്പിലാകാതെ ആവശ്യങ്ങൾ

ആകെ ചെയ്തത് ഇരുവശങ്ങളിൽ നിന്നും അരമീറ്റർ വീതമെടുത്ത് റോഡിന് വീതി കൂട്ടിയത് മാത്രമാണ്. റോഡുമായി ചേർന്നുകിടക്കുന്ന താഴം പള്ളി - അഞ്ചുതെങ്ങ് തീരത്ത് കടൽ ഭിത്തി തകർന്ന് കിടക്കുന്നതും ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ദുർവിധികളാണ് സമ്മാനിക്കുന്നത്. കടൽ ഭിത്തി തകർന്നത് കാരണം കടൽ ക്ഷോഭം ശക്തമാകുമ്പോൾ തിരമാലകൾ കടൽ ഭിത്തിക്ക് മുകളിലൂടെ റോഡിൽ പതിക്കാറുണ്ട്. ഈ മേഖലയിൽ കടൽഭിത്തി നിർമിക്കണമെന്ന ആവശ്യവും വർഷങ്ങളായി ജലരേഖ പോലെ നീളുകയാണ്.

പ്രതികരണം: താഴംപളളി- പൂത്തുറ മേഖലകളിലൂടെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുകയും ഈ മേഖലയിൽ കടൽക്ഷാഭം ചെറുക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ അവലംബിക്കുകയും വേണം. വർഗ്ഗീസ്,​ കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് സെക്രട്ടറി