kalari

തിരുവനന്തപുരം : 63-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 168 പോയിന്റോടെ കോഴിക്കോട് ജില്ല ഓവറാൾ ചാമ്പ്യന്മാരായി. കണ്ണൂരും(150 പോയിന്റ്) മലപ്പുറവും (143 പോയിന്റ് ) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

സെൻട്രൽ സ്റ്റേഡിയത്തിൽ മൂന്നുദിവസം നീണ്ട മത്സരങ്ങളിൽ ആയിരത്തിലധികം അഭ്യാസികൾ പങ്കെടുത്തു. സബ്ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആൺ കുട്ടികളും പെൺ കുട്ടികളും ഒറ്റ ചുവട് , കൂട്ട ചുവട്, മെയ്പയറ്റ്, കടാരം, കെട്ടുകാരി, ഒറ്റകോൾ,റെഡ്, വാൾ പരിച, ഉറുമി പരിച,മറപടിച്ചകുന്തം, ചവിട്ടി പൊങ്ങൽ തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ചു. സമാപന സമ്മേളനത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭ്യാസികൾക്ക് സമ്മാനങ്ങൾ നൽകി. പത്മശ്രീ പുരസ്കാരം ലഭിച്ച തൃശ്ശൂർ വല്ലഭട്ട കളരിയിലെ ഗുരുക്കൾ ശങ്കരനാരായണ മേനോന് കേരള കളരിപ്പയറ്റ് അസോസിയേഷൻ ചടങ്ങിൽ ആദരിച്ചു. ഡോ.ജി കിഷോർ,പൂന്തുറ സോമൻ, ആർ വസന്ത മോഹനൻ,കെ പി കൃഷ്ണദാസ്,മഹേഷ് കിടങ്ങിൽ തുടങ്ങിയവർ സംബന്ധിച്ചു.