
ബാലരാമപുരം : പുസ്തകവായനയിലൂടെ കിട്ടുന്ന പുത്തൻ അറിവുകൾ പങ്കിടാൻ നേമം ഗവ.യു.പി.എസിൽ 'ഡയാറിയം 'ഒരുങ്ങി.ഭാഷാ ആവിഷ്ക്കാരത്തിന് അനന്തസാദ്ധ്യതകളൊരുക്കുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ എ.എസ് .ദിയ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണയ്ക്ക് നൽകി നിർവഹിച്ചു.
വായനാശീലം മെച്ചപ്പെടുത്തുന്നതിന് സ്കുളിലെ 36 ക്ലാസ് മുറികളിലും പുസ്തകചുവരുകൾ സ്ഥാപിച്ചിരുന്നു. ഓരോ ക്ലാസിലും, ആഴ്ചതോറും മാറി മാറിയെത്തുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് ഇടവേളകളിൽ വായിക്കാൻ അവസരവും ഒരുക്കിയിട്ടുണ്ട്. കുട്ടി ലൈബ്രേറിയൻ സംഘമാണ് പുസ്തകവിതരണത്തിന്റെ മേൽനോട്ടം . വായിക്കുന്ന പുസ്തകങ്ങളിൽ നിന്ന് സ്വാംശീകരിച്ച വിവരങ്ങൾ രേഖപ്പെടുത്താനാണ് ഡയാറിയം കുട്ടികളുടെ കൈകളിലെത്തിക്കുന്നത്. പുസ്തകത്തിന്റെ പേര്, എഴുത്തുകാരൻ, പ്രസാധനം, ആദ്യ മുദ്രണം, വായിച്ചു തുടങ്ങിയ തീയതി, പുരസ്കാരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതോടൊപ്പം ഗ്രന്ഥകർത്താവിന്റെ ജീവചരിത്രക്കുറിപ്പും കുട്ടികൾ തയ്യാറാക്കണം. പുസ്തകത്തെ സംബന്ധിച്ച വിവരങ്ങൾ കഥ, കവിത, കഥാപാത്ര നിരൂപണം, സംഭാഷണം തുടങ്ങിയ അനുഭവങ്ങൾ രേഖപ്പെടുത്താനും പുസ്തകത്തിൽ ഇടമൊരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികളുടെ വീടുകളിലും രക്ഷിതാക്കളുടെ സഹായത്തോടെ 'ഹോം ലൈബ്രറി ' ഒരുക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ അധികൃതർ. എസ്.എം. സി. ചെയർമാൻ വി.മനു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപിക എം.ആർ.സൗമ്യ, അദ്ധ്യാപകരായ വി.പി.മായ, കെ.ബിന്ദു പോൾ, എസ്.എം.സി. വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും എം.മുഹമ്മദ് നന്ദിയും പറഞ്ഞു.