photo

പാലോട്:പാലോട് റെയ്ഞ്ചിൽ പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷനിൽ മങ്കയം വെങ്കിട്ടമൂട് ഭാഗത്ത് കാട്ടുതീ പടരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെ പിടിച്ച കാട്ടുതീയാണ് ഇതുവരെയും നിയന്ത്രണവിധേയമാകാതെ പടരുന്നത്. വനത്തിനുള്ളിൽ തീ പടരുന്നതിനാലാണ് അണയ്ക്കാൻ കഴിയാത്തത്.കാടിന്റെ ഒരു ഭാഗത്ത് തീ പിടിച്ച സ്ഥലം വാച്ചർമാർ അണച്ചെങ്കിലും രാത്രിയോടെ മറ്റൊരു ഭാഗത്ത് തീ പടരുകയായിരുന്നു.കാടിൽ ശക്തമായ കാറ്റും പുകയും തീ അണയ്ക്കുന്നതിന് ദുഷ്കരമാണ്.നിലവിൽ അഞ്ചേക്കറോളം വനഭൂമി കത്തി നശിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി.എഫ്.ഒ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നു.പാലോട് റെയ്ഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.