
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്.ഐയെ സസ്‌പെൻഡ് ചെയ്ത് കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ആവശ്യപ്പെട്ടു. കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണം. മാതാപിതാക്കളെ ഒഴിവാക്കി അകന്ന ബന്ധുവിനു മൃതദേഹം കൈമാറിയത് വിലാപയാത്ര ഒഴിവാക്കാൻവേണ്ടിയാണ്. ജഡ്ജിക്കുന്നിൽ നിന്നു കസ്റ്റഡിയിലെടുത്തത് മുതൽ സുരേഷിനെയും മറ്റുള്ളവരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. രാത്രിമുഴുവൻ പൊലീസ് നടത്തിയ ക്രൂരമർദ്ദനമാണ് മരണത്തിന് ഇടയാക്കിയത്. മൃതദേഹ പരിശോധനയിൽ ഇക്കാര്യം വ്യക്തമാണ്. എന്നാൽ അത് ഒളിച്ചുവയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വിൻസെന്റ് എം.എൽ.എയുടെ കാർ തകർത്ത സംഭവത്തിൽ പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രതികളെ രക്ഷിക്കാൻ പൊലീസ് നടത്തുന്ന നാടകമാണിത്. അഭ്യന്തരവകുപ്പിന്റെ പരാജയത്തിൽ പ്രതിഷേധിച്ച് 4ന് യു.ഡി.എഫ് ജനപ്രതിനിധികൾ സെക്രട്ടേറിയറ്റിനും കളക്ടറേറ്റുകൾക്കും മുന്നിൽ സമരം നടത്തുമെന്നും ഹസ്സൻ പറഞ്ഞു. കസ്റ്റഡിയിൽ മരിച്ച സുരേഷിന്റെ കുടുംബത്തിന്റെ കടം എഴുതിത്തള്ളുന്നതോടൊപ്പം സഹോദരന് ജോലി കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും എ. വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു.