mar02d

ആറ്റിങ്ങൽ: മാമം പാലമൂടിന് സമീപമുണ്ടായ അപകടത്തിലെ വിശാലിന്റെ ദാരുണാന്ത്യം നാടിന് വിങ്ങലായി. കോളേജിലേക്ക് പോകുകയായിരുന്ന വിശാലും കൂട്ടുകാരനും സഞ്ചരിച്ച ബൈക്ക് കത്തിയമർന്നതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകയ്‌ക്ക് താമസിക്കുന്ന പദ്മകുമാറിന്റെയും (വേണു) സിന്ധുവിന്റെയും ഏക മകനാണ് വിശാൽ (19)​. ബിസിനസ് സംബന്ധമായ കാര്യങ്ങളെ തുടർന്ന് ആറ്റിങ്ങലിലെത്തിയ ഇവർ ആറുവർഷമായി തച്ചൂർക്കുന്നിലാണ് താമസിക്കുന്നത്. അടുത്തുതന്നെ പുരയിടം വാങ്ങി വീടുപണി തുടങ്ങിയിരുന്നു. പുതിയ വീട്ടിൽ താമസിക്കാൻ ഇനി വിശാൽ ഇല്ലെന്നത് ഇവർക്ക് ഉൾക്കൊള്ളാനാകുന്നില്ല. പ്ലസ്ടു കഴിഞ്ഞശേഷം ഏറെ ഇഷ്ടത്തോടെയാണ് കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജിൽ വിശാൽ ബി.ബി.എയ്ക്ക് ചേർന്നത്. മികച്ചവിജയം നേടി വിദേശത്ത് ജോലി ചെയ്യണമെന്നായിരുന്നു മോഹം.
പ്ലസ് ടുവിനും വിശാലിനൊപ്പമുണ്ടായിരുന്ന ആത്മാർത്ഥ സുഹൃത്തായിരുന്നു പരിക്കേറ്റ ആസിഫ്. ക്ലാസ് തുടങ്ങിയതുമുതൽ ഇരുവരും ഒന്നിച്ച് ബൈക്കിലാണ് കോളേജിലേക്ക് പോയിരുന്നത്. രണ്ടുപേർക്കും ബൈക്കുണ്ടെങ്കിലും ആസിഫിന് ഡ്രൈവിംഗ് പരിചയമില്ലാത്തതിനാൽ വിശാലാണ് ബൈക്ക് ഓടിച്ചിരുന്നത്. മരണമറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപ്പേർ വിശാലിന്റെ വീട്ടിലെത്തി.