തിരുവനന്തപുരം: ആറ്റിങ്ങൽ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന് കരാറായി. ആർ.ഡി.എസ് എന്ന കമ്പനിയാണ് 795 കോടി രൂപയ്ക്ക് ജോലിയേറ്റെടുത്തത്. ഭൂമിവില വിതരണം പൂർത്തിയായാലുടൻ സ്ഥലം നിർമ്മാണത്തിനായി കമ്പനിക്ക് വിട്ടുനൽകും. ഭൂവുടമകളിൽ 60 ശതമാനം പേർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ശേഷിക്കുന്നവർക്ക് ഈ മാസം 31ന് മുമ്പ് അദാലത്തുകൾ സംഘടിപ്പിച്ച് പണം വിതരണം ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ബൈപ്പാസിനും കഴക്കൂട്ടം- കടമ്പാട്ടുകോണം ദേശീയപാതയ്ക്കും ഭൂമി വിട്ടുകൊടുത്തവരുടെ നഷ്ടപരിഹാരം ദ്രുതഗതിയിൽ വിതരണം ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആർ.ഡി.എസിന് പുറമേ ശ്രീധന്യ കൺസ്ട്രക്ഷൻസ്, ഇ.കെ.കെ ലിമിറ്റഡ്,​ എസ് ആൻഡ് പി ഡെവലപ്പേഴ്സ് എന്നീ കമ്പനികളും ടെൻഡറിൽ പങ്കെടുത്തിരുന്നു.