വെളളറട: ഗ്രാമങ്ങളിൽ നാൾക്കുനാൾ തെരുവ്നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്. എന്നാൽ ഇവയെ പിടികൂടാനോ പെറ്റുപെരുകുന്നതു നിയന്ത്രിക്കാനോ യാതൊരു നടപടിയും നാളിതുവരെയില്ല. മലയോര ഗ്രാമപഞ്ചായത്തുകളിൽ തെരുവ് നായ്ക്കളെ പിടികൂടിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കൾക്ക് പേവിഷബാധിച്ചിട്ടുണ്ടോയെന്നുപോലും അറിയില്ല. ഇവയുടെ കടിയേൽക്കുന്നവരും നിരവധിയാണ്. റോഡുവക്കിലും ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങളിലും നിക്ഷേപിക്കുന്ന മാലിന്യങ്ങൾക്കരികെയാണ് ഇവ കൂടതലും തമ്പടിക്കുന്നത്. ഈവഴി നടന്നുപോകാൻപോലും കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവകാരണം ഇരുചക്രവാഹന യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും ഏറെയാണ്. വാഹനങ്ങൾക്ക് കുറുകെചാടുന്ന തെരുവ്നായ്ക്കൾ കാരണം മിക്കപ്പോഴും അപകടങ്ങളും പതിവാണിവിടെ. സ്കൂൾ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം കൂടിയതോടെ വിദ്യാർത്ഥികളും ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടിവേണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും നിവേദനവുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്. നായ്ക്കൾ പെറ്റുപെരുകുന്നത് തടയാൻ കൂടുതൽ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഡിസംബർ........ 49
ജനുവരി...... 40
ഫെബ്രുവരി............. 50
**വർദ്ധന തടയാനാകാതെ
നായ്ക്കളുടെ ക്രമാതീതമായ വർദ്ധന തടയാൻ പെൺപട്ടികളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ നടപടി എടുത്തിരുന്നെങ്കിലും അതും നടപ്പിലായില്ല. നേരത്തേ വർഷത്തിലൊരിക്കൽ നായ്ക്കളെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടി കൊല്ലാൻ നടപടി സ്വീകരിച്ചിരുന്നു. ഇത് മൃഗസ്നേഹികളുടെ ഇടപെടൽ ഉണ്ടായതോടുകൂടിയാണ് നിലച്ചത്. മലയോര ഗ്രാമങ്ങളിൽ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
**നടപടി വേണം
വീടുകളിൽപോലും നായ്ക്കളെ വളർത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. മത്സ്യ ചന്തകളിലും കശാപ്പുശാലകളിലും പരിസരങ്ങളിലും കൂട്ടമായി നിൽക്കുന്ന തെരുവുനായ്ക്കളെ കാണാം. ദിനംപ്രതി ഇവയുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുകയാണ്. സന്ധ്യകഴിഞ്ഞാൽ ഗ്രാമവീഥികളെല്ലാം തെരുവ് നായ്ക്കളെക്കൊണ്ട് നിറയും. നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും.
(പ്രതികരണം
തെരുവ് നായ്ക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടുകൂടി പിടികൂടി നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.
എം. രാജ് മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്