ആറ്റിങ്ങൽ:ആറ്റിങ്ങൽ ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് അടൂർ പ്രകാശ് എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറ്റിങ്ങൽ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് തന്റെ നിരന്തര പ്രയത്നത്തിന്റെ ഫലമാണ്. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൊല്ലൻപുഴ തിരുആറാട്ടുകാവ് ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും പരിഹരിക്കുന്നതിനായി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് നാശനഷ്ടമുണ്ടാകാത്തവിധം ഫ്ളൈഓവർ നിർമ്മിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തിവരികയാണ്.നിലവിൽ ടെൻഡർ ചെയ്ത വർക്കിൽ ഇതിനായി പണം അനുവദിച്ചിട്ടില്ലെന്നും കേന്ദ്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് കൊല്ളൻപുഴ ഫ്ളൈഓവറിന് അധികം പണം അനുവദിക്കുമെന്നും എം.പി വെളിപ്പെടുത്തി.ബൈപ്പാസിനായി ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഇടപെടണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.