വിഴിഞ്ഞം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ബലിയിടാനെത്തിയ സ്ത്രീയുടെ അഞ്ചു പവന്റെ സ്വർണമാല നഷ്ടപ്പെട്ടു. അരുവിപ്പുറം എസ്.എൻ നഗർ തമ്പി സദനത്തിൽ പ്രസന്ന മുരുകേശന്റെ (58) മാലയാണ് താലി സഹിതം നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞയാഴ്ചയും മറ്റൊരു സ്ത്രീയുടെ 5 പവന്റെ മാല നഷ്ടപ്പെട്ടിരുന്നു. ബലികർമ്മം കഴിഞ്ഞു അന്നദാനത്തിനുള്ള കൂപ്പൺ എടുക്കുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. കട്ടിയുള്ള മാലയാണെന്നും ഏതെങ്കിലും വിധത്തിൽ മുറിച്ചെടുക്കാനേ സാധിക്കൂ എന്നും പ്രസന്ന പറഞ്ഞു. ദിവസവും നല്ല തിരക്ക് അനുഭവപ്പെടുന്ന ഇവിടെ മോഷണം നിത്യസംഭവമാണ്. വാഹനങ്ങളും, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകുന്നതും പതിവാണ്. ക്ഷേത്രത്തിനകത്ത് നാലമ്പലത്തിൽ മാത്രമേ സി.സി ടിവി കാമറകളുള്ളൂ. തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.