
മുടപുരം: സ്വകാര്യ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് ഏഴു കുട്ടികൾക്കും ഡ്രൈവർക്കും ആയയ്ക്കും പരിക്ക്. മുടപുരം കൊച്ചാലുംമൂട് എസ്.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയുടെ തലയ്ക്ക് ക്ഷേതമേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം ചേമ്പുംമൂല വയലിലേക്കാണ് ബസ് മറിഞ്ഞത്. മുടപുരത്തു നിന്ന് കോളിച്ചിറയിലേക്ക് പോകുമ്പോൾ കോളിച്ചിറ ഗണപതി ക്ഷേത്രത്തിന് സമീപം ഒരു കുട്ടിയെ ബസിൽ നിന്ന് ഇറക്കിയശേഷം മുന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയും പിന്നിലേക്ക് ഇറങ്ങിയ ബസ് മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചശേഷം വയിലിലേക്ക് മറിയുകയുമായിരുന്നു. ഇലക്ട്രിക് പോസ്റ്റ് മൂന്നായി ഒടിഞ്ഞു. കുട്ടികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ കുട്ടികളെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലപ്പഴക്കംചെന്ന ബസായതിനാലാണ് അപകടം സംഭവിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തിയിരുന്നു.