
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ജാർഖണ്ഡ് സഹേബ് ഗഞ്ച് ജില്ലയിൽ തീൻപഹാറിൽ ചന്ദൻ കുമാറിനെയാണ് (28) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. മാനസികവൈകല്യമുള്ളതും സംസാരശേഷിയില്ലാത്തതുമായി പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പെൺകുട്ടിയുടെ മാതാവ് കുളിക്കാൻ പോയ തക്കത്തിനാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. വീട്ടുവളപ്പിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ വീടിന്റെ പിൻവശത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട അയൽവാസിയായ സ്ത്രീ ബഹളംവച്ചതിനെ തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥലത്തെതിയ പൊലീസ് പ്രതിയുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ട ബാഗ് കണ്ടെത്തി. ബാഗും സമീപത്തെ സി.സി ടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗൗരീശപട്ടം മഹാദേവക്ഷേത്രത്തിന് സമീപമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ നിന്നാണ് പ്രതിയെ രാത്രിയോടെ പിടികൂടിയത്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.സി.പി അങ്കിത് അശോകൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.