
 ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ പണിമുടക്കുന്നത് പതിവാകുന്നതോടെ ഗതാഗതക്കുരുക്കിൽ വലയുകയാണ് ജനം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പാറ്റൂർ, നാലുമുക്ക്, വഞ്ചിയൂർ, പാളയം, പേട്ട, സ്റ്റാച്യൂ, തമ്പാനൂർ, യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷൻ, മെഡിക്കൽ കോളേജ് ജംഗ്ഷൻ, കേശവദാസപുരം, ഉള്ളൂർ, പട്ടം, കിഴക്കേകോട്ട, അട്ടക്കുളങ്ങര തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് ലൈറ്റുകൾ അടിക്കടി പണിമുടക്കുകയാണ്. പേട്ട മുതൽ യൂണിവേഴ്സിറ്റി കോളേജ് വരെയുള്ള ഭാഗങ്ങളിലെ ചിലയിടങ്ങളിൽ സിഗ്നൽ പൂർണമായും പ്രവർത്തനരഹിതമാണ്.
കൃത്യസമയത്ത് അറ്റകുറ്റപ്പണിയില്ല
പ്രവർത്തന രഹിതമാകുന്ന ട്രാഫിക് സിഗ്നലുകൾ കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താറില്ലെന്ന ആരോപണമാണ് ഉയരുന്നത്. നഗരത്തിലെ 75 ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നുകളുണ്ടെന്നാണ് കണക്ക്. 15 വർഷമായി ഇവയുടെ അറ്രകുറ്റപ്പണി നടത്തുന്നത് കെൽട്രോണാണ്.
എന്നാൽ ഒരു വർഷം മുമ്പ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാഫിക് ലൈറ്റുകൾ ആധുനിക വത്കരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമായി വിളിച്ച കരാറിൽ നിന്ന് കെൽട്രോണിനെ ഒഴിവാക്കി. കോയമ്പത്തൂരിലെ ഒരു പുതിയ കമ്പനിയെ ടെൻഡറിലൂടെ കരാർ നൽകിയതിൽ കെൽട്രോണിന് അതൃപ്‌തിയുണ്ടായിരുന്നു. കരാറെടുത്ത് രണ്ട് വർഷം പിന്നിട്ടിട്ടും കമ്പനി ഇതുവരെ ട്രാഫിക് സിഗ്നുകളുടെ മുഴുവൻ കൺട്രോളിംഗും ഏറ്റെടുത്തിട്ടില്ല. എന്നാൽ കരാർ നൽകാത്തതിനാൽ അറ്റകുറ്റപ്പണിക്ക് കെൽട്രോൺ വേണ്ടത്ര ഗൗരവം നൽകുന്നില്ല. നഗരത്തിലെ ഭൂരിഭാഗം സിഗ്നൽ ലൈറ്റ് യൂണിറ്റുകളും 10 മുതൽ 15 വർഷം വരെ പഴക്കമുള്ളവയാണ്. സിഗ്നൽ ലൈറ്റ് യൂണിറ്റിന്റെ സ്റ്റാൻഡേർഡ് വാറണ്ടി കാലയളവ് മൂന്നുവർഷമാണ്.
നഗരത്തിലെ 90 ശതമാനം സിഗ്നൽ ലൈറ്റുകളും വാറണ്ടി കാലയളവ് തീർന്നവയാണ്. സിഗ്നൽ ലൈറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപ കേരള റോഡ് സുരക്ഷാ അതോറിട്ടി നേരത്തെ അനുവദിച്ചിരുന്നു. തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, നഗരസഭ തുടങ്ങിയവ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളും എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചവയുമാണ് നഗരത്തിലുള്ളത്. തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ഒഴികെ മറ്റെല്ലാവർക്കും വാർഷിക അറ്റകുറ്റപ്പണി കരാറില്ല. പഴക്കം കാരണമാണ് സിഗ്നൽതകരാർ ഉണ്ടാകുന്നതെന്നാണ് അധികൃതർ പറയുന്നത്.
പൊലീസിനും ഇരട്ടിപ്പണി
സിഗ്നൽ മുടങ്ങി ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. സ്‌മാർട്ട് റോഡിനായി നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചതിനെ തുടർന്ന് ഗതാഗതതടസം രൂക്ഷമാകുന്നതിനിടെയാണ് വീണ്ടും കുരുക്ക്.