
വിഴിഞ്ഞം: നിയന്ത്രണം തെറ്റിയ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. വെണ്ണിയൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പ്രസാദ് (46), ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വിഴിഞ്ഞം മുല്ലൂർ സ്വദേശി തങ്കപ്പൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം മൂന്നോടെ മുക്കോല ജംഗഷന് സമീപമാണ് അപകടം. മുക്കോലയിൽ നിന്ന് മുല്ലൂരിലേക്കു പോവുകയായിരുന്ന ഓട്ടോയിൽ വിഴിഞ്ഞത്തേക്ക് വരികയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ പ്രസാദിനെ നാട്ടുകാരും വിഴിഞ്ഞം പൊലീസും ചേർന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.