 യൂത്ത് കോൺഗ്രസ്‌ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം


തിരുവനന്തപുരം: കേരളം കണ്ടതിൽ ഏറ്റവും ദുർബലനായ ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. തലസ്ഥാനത്തെ കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിലെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയ്ക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ബാരിക്കേട് വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എം.എൽ.എയ്ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതിൽ പ്രകോപിതരായി പ്രവർത്തകർ പൊലീസിനുനേരെ തിരിഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുധീർഷാ പാലോട് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരീനാഥൻ, എൻ.എസ്. നുസൂർ, എസ്.എം. ബാലു, സംസ്ഥാന ഭാരവാഹികളായ രാഹുൽ മാങ്കൂട്ടത്തിൽ, ഷജീർ നേമം, വിനോദ് കോട്ടുകാൽ, അനീഷ് കാട്ടാക്കട, അരുൺ രാജൻ, വീണ എസ്. നായർ, ടി.ആർ. രാജേഷ്, ശംഭു പാൽക്കുളങ്ങര, ഷൈൻ ലാൽ, കെ.എഫ്. ഫെബിൻ, അജയ് കുര്യാതി, ജില്ലാ ഭാരവാഹികളായ ഹാഷിം റഷീദ്, ഷാജി മലയിൻകീഴ്, രാജീവ്‌ കരകുളം, നീതു രഘുവരൻ, മൈക്കിൾ രാജ്, മാഹിൻ പഴഞ്ചിറ, ഷാലിമാർ, ആക്രം അർഷാദ്, അനൂപ് പാലിയോട്,​ നീതു വിജയൻ, സുബിജ, പദ്മേഷ്, അനീഷ് .എസ് തുടങ്ങിയവർ നേതൃത്വം നൽകി.