arrest-udhayakumar

മലയിൻകീഴ്: അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ കടന്നുപിടിച്ചത് ചോദ്യംചെയ്ത ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയും തല അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. മാറനല്ലൂർ ചീനിവിള കുളപ്പള്ളിവിളാകം വൈഷ്ണവം വീട്ടിൽ വാടകയ്ക്ക് കുടുംബസമേതം താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി സഹജ്മാർ ഷേക്കിനാണ് (34) പരിക്കേറ്റത്. ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്രറിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടല നെല്ലിക്കാട് കുളപ്പള്ളി വീട്ടിൽ ഉദയകുമാർ (48), ഇയാളുടെ സഹോദരി ബിന്ദുലേഖ (42) എന്നിവരെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉദയകുമാർ സഹജ്മാർ ഷേക്കിന്റെ ഭാര്യയെ കടന്നുപിടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കുതർക്കവും തുടർന്ന് അടിപിടിയുമുണ്ടായി. ഇത് കണ്ടുനിന്ന ഉദയകുമാറിന്റെ സഹോദരി ബിന്ദുലേഖ റബർ തടിയെടുത്ത് സഹജ്മാർ ഷേക്കിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് മാറനല്ലൂർ പൊലീസ് ഭാഷ്യം. പ്രതികളെ റിമാൻഡ് ചെയ്തു.