 വാതിലിന്റെ ഒരുഭാഗം കത്തിനശിച്ചു

തിരുവനന്തപുരം: ചെറുവയ്ക്കൽ വില്ലേജ് ഓഫീസിന് തീവച്ചയാളെ ശ്രീകാര്യം പൊലീസ് പിടികൂടി. ഇന്നലെ രാത്രി 10നായിരുന്നു സംഭവം. ചെറുവയ്ക്കൽ സ്വദേശിയായ സുകേശനെയാണ് (62) കസ്റ്റഡിയിലെടുത്തത്. കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ല്ലേജ് ഓഫീസിന് മുഴുവൻ ഒഴിച്ചശേഷം തീയിടുകയായിരുന്നു. വാതിലിന്റെ ഭാഗത്ത് തീ കത്തുന്നതുകണ്ട സമീപവാസികൾ ഓടിവന്ന് തീഅണയ്‌ക്കുകയായിരുന്നു. വാതിലിന്റെ ഒരു ഭാഗം കത്തിനശിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൃത്യസമയത്ത് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മാനസികാസ്വസ്ഥ്യമുള്ളയാളാണെന്ന് കണ്ടെത്തി. പൊലീസ് അറിയിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസറും സ്ഥലത്തെത്തി. വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു.