തിരുവനന്തപുരം: ടാറിട്ടതിന് തൊട്ടുപിന്നാലെ കുടിവെള്ള പൈപ്പിടുന്നതിന് റോഡുകൾ കുത്തിപ്പൊളിക്കുന്ന പതിവ് ഒഴിവാക്കും. പുതുതായി ടാറിട്ട റോഡുകളിൽ ഒരു വർഷത്തിനു ശേഷമേ പൈപ്പിടാൻ പാടുള്ളൂ. ഇതിന് ജലവിഭവ - പൊതുമരാമത്ത് വകുപ്പുകൾ പ്രവൃത്തികളുടെ കലണ്ടർ തയ്യാറാക്കും.
മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ ജനുവരിയിൽ ചേർന്ന യോഗം ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയാണ് നിർദ്ദേശം മുന്നോട്ടുവച്ചത്.
അതേസമയം അടിയന്തര അറ്റകുറ്റപ്പണി, വലിയ പദ്ധതി, മുൻഗണനയുള്ള പദ്ധതികൾ എന്നിവയ്‌ക്ക് ഇളവുണ്ടാകും. ഡിഫക്ട് ലയബിലിറ്റി പീരിയഡിലുള്ള (ഡി.എൽ.പി) റോഡുകൾ കുഴിക്കും മുമ്പ് പുനർനിർമ്മാണത്തിനുള്ള തുകയുടെ 10 ശതമാനം പി.ഡബ്ലിയു.ഡിക്ക് വാട്ടർ അതോറിട്ടി കെട്ടിവയ്‌ക്കണം. കുഴിക്കുന്ന റോഡുകളിലെ ജോലി നിശ്ചിത കാലയളവിൽ പൂർത്തിയാക്കിക്കണം. ഇത് അനുമതി പത്രത്തിൽ രേഖപ്പെടുത്തും. വൈകിയാൽ ഡെപ്പോസിറ്റിൽ നിന്ന് ആനുപാതികമായ തുക ഈടാക്കും. വാട്ടർ അതോറിട്ടി ചെയ്ത ജോലികളുടെ വിശദമായ ബോർഡും സ്ഥാപിക്കണം.
ചോർച്ചയെങ്കിൽ
അനുമതി
തുടങ്ങുന്ന ജോലിയുടെ കലണ്ടർ വാട്ടർ അതോറിട്ടിയും പി.ഡബ്ലിയു.ഡിയും 'റോ" പോർട്ടലിൽ ഉൾപ്പെടുത്തും
അടിയന്തര ചോർച്ച പരിഹരിക്കാൻ പോർട്ടലിലൂടെ വാട്ടർ അതോറിട്ടിക്ക് അനുവാദം നൽകും
ഉത്തരവാദിത്വ കാലാവധി കഴിഞ്ഞ റോഡുകളിലെ ചോർച്ച അടയ്‌ക്കുന്നതിന് മുൻകൂർ തുക കെട്ടിവയ്‌ക്കണ്ട
അറ്റകുറ്റപ്പണി പി.ഡബ്ലിയു.ഡിയെ അറിയിച്ചശേഷം തുടങ്ങാം
റോഡ് കുഴിച്ചാൽ മുൻ നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്വം ജലഅതോറിട്ടിക്ക്
അറ്റകുറ്റപ്പണിക്കുള്ള മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കേണ്ടത് പി.ഡബ്ല്യു.ഡി എൻജിനിയർ
ഇരുവകുപ്പുകളിലെയും എക്‌സിക്യുട്ടീവ് എൻജിനിയർമാർ സംയുക്ത പരിശോധന നടത്തും