mala-thirike-nalkunnu

കല്ലമ്പലം: കളഞ്ഞുകിട്ടിയ നാലര പവന്റെ താലിമാല ഉടമയെ കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ അബ്ദുൽ മനാഫിന് കഴിഞ്ഞദിവസം വൈകിട്ട് കല്ലമ്പലത്ത് നിന്നാണ് മാല കിട്ടിയത്. അന്വേഷണത്തിനൊടുവിൽ പേരേടം ജംഗ്ഷനിൽ റേഷൻകട നടത്തുന്ന നൈജുവിന്റെ ഭാര്യ ആമിനയുടെതാണ് മാലയെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെയും കൂട്ടി കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തിയ അബ്ദുൽ മനാഫ് സി.ഐ ഫറോസിന്റെയും എസ്.ഐ സുനിലിന്റെയും സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് മാല തിരികെ നൽകുകയായിരുന്നു. 2 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാല ഉടമയെ കണ്ടെത്തി തിരികെ നൽകിയ ഡ്രൈവറുടെ സത്യസന്ധത മറ്റു ഡ്രൈവർമാർക്കും നാടിനും മാതൃകയാണെന്ന് അബ്ദുൽ മനാഫിനെ അഭിനന്ദിച്ചുകൊണ്ട് സി.ഐ ഫറോസ് പറഞ്ഞു.