
മുടപുരം: കിഴുവിലം പുരവൂർ കുന്നുമല ഭഗവതിക്ഷേത്രത്തിൽ കവർച്ച നടന്നു. ബുധനാഴ്ച അർദ്ധരാത്രിയിലായിരുന്നു മോഷണം നടന്നത്. പ്രഭാതവിളക്കിനായി ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു.
ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണവും അലമാരയുടെ പൂട്ട് പൊളിച്ച് ഏഴ് സ്വർണ പൊട്ട്, ആറ് സ്വർണത്താലി, വെള്ളിപ്പൊട്ടുകൾ എന്നിവ അപഹരിച്ചു. ക്ഷേത്ര ശ്രീകോവിലിന്റെ പൂട്ട് പൊളിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിലിന് മുന്നിലും ഉപദേവന്മാർക്ക് മുന്നിലുമായി വച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.
കൂടാതെ ക്ഷേത്രത്തിലെ തന്ത്രിമഠത്തിന്റെ വാതിലും കുത്തിപ്പൊളിച്ചിട്ടുണ്ട്. സമീപത്തെ വീട്ടിൽ നിന്നെടുത്ത കുന്താലി ഉപയോഗിച്ചാണ് മോഷ്ടാവ് വാതിലുകൾ പൊളിച്ച് അകത്തുകടന്നത്. പൊളിക്കാൻ ഉപയോഗിച്ച കുന്താലിയും ഏതാനും നാണയത്തുട്ടുകളും മോഷ്ടാവ് ക്ഷേത്രത്തിൽ ഉപേക്ഷിച്ചിട്ടുണ്ട്.
കാണിക്കാവഞ്ചികളും പൂട്ടുകളും ക്ഷേത്രത്തിന് പുറത്ത് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉത്സവാഘോഷത്തിന് കൊടിയേറാനിരിക്കെയാണ് കവർച്ച നടന്നത്. അഞ്ചുവർഷം മുൻപ് സമാനരീതിയിൽ ഇവിടെ കവർച്ച നടന്നിരുന്നു. ചിറയിൻകീഴ് പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷ് പറഞ്ഞു.