guru

കാരേറ്റ്:ആറു പതിറ്റാണ്ടോളമായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന മുൻ മന്ത്രി പി.കെ. ഗുരുദാസന് സനേഹവീടൊരുക്കി നൽകുകയാണ് സഖാക്കൾ.പുളിമാത്ത് പഞ്ചായത്തിൽ കാരേറ്റ് പേടികുളത്ത് നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. 25 വർഷം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി,പത്ത് വർഷം എം.എൽ.എ,വി.എസ് മന്ത്രിസഭയിൽ അഞ്ച് വർഷം തൊഴിൽ - എക്സൈസ് മന്ത്രി,സംസ്ഥാന സെക്രട്ടേറിയറ്റംഗം തുടങ്ങി വിവിധ പദവികൾ വഹിച്ചിരുന്ന കാലത്തെന്നും സ്വന്തമായി ഒരു വീടുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചില്ല.

വാടക വീടുകളിൽ നിന്ന് വാടക വീടുകളിലേക്കുള്ള പ്രയാണമായിരുന്നു ഇക്കാലമത്രയും.കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ വാടക വീട്ടിലായിരുന്നു ദീർഘകാലം താമസിച്ചിരുന്നത്.തുടർന്ന് മറ്റ് രണ്ട് വാടക വീടുകളിലേക്ക് കൂടി മാറി.നിരവധി പുസ്തകങ്ങൾ സ്വന്തമായുള്ള ഗുരുദാസൻ ഓരോ വീട് മാറുമ്പോഴും പുസ്തകങ്ങളും ഒപ്പം കൂട്ടി.വാടക വീടുകളിൽ വച്ചാണ് മൂത്ത മക്കളായ സീമയുടെയും ദിവ്യയുടെയും വിവാഹം നടന്നത്. മന്ത്രിയായിരുന്നപ്പോൾ ലഭിച്ച കവടിയാറിലെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇളയ മകൾ രൂപയുടെ വിവാഹം.എ.കെ.ജി സെന്ററിന് സമീപത്തെ പാർട്ടിയുടെ ഫ്ലാറ്റിലാണ് ഇദ്ദേഹവും ഭാര്യയും ഇപ്പോൾ താമസിക്കുന്നത്.പ്രായപരിധിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ഭാരവാഹിത്വം ഒഴിയേണ്ടി വരുന്നതോടെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരും.ഗുരുദാസനൊപ്പം കൊല്ലം ജില്ലയിൽ പ്രവർത്തിച്ച നേതാക്കൻമാരാണ് വീട് നിർമ്മാണത്തിന് പിന്നിൽ. മന്ത്രി കെ.എൻ.ബാലഗോപാൽ,കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലയിൽ സുദേവൻ,മുൻ മന്ത്രി മേഴ്സിക്കുട്ടി അമ്മ,മുൻ സെക്രട്ടറി രാജഗോപാൽ എന്നിവരാണ് നേതൃത്വം നൽകുന്നത്. പാർട്ടി അംഗങ്ങളിൽ നിന്നുപോലും പിരിവെടുത്തിട്ടില്ല.

ഗുരുദാസന്റെ ഭാര്യ ലില്ലിക്ക് ഓഹരിയായി ലഭിച്ച പത്ത് സെന്റ് ഭൂമിയിലാണ് വീട് പണി നടക്കുന്നത്. തന്റെ പുസ്തകങ്ങൾ സൂക്ഷിക്കാൻ വിശാലമായൊരു മുറി ഉൾപ്പെടെ രണ്ട് മുറികളും അടുക്കളയുമുള്ള വീടാണ് ഗുരുദാസൻ താല്പര്യപ്പെട്ടതെങ്കിലും ഓഫീസ് അടക്കം 3 മുറികൾ,അടുക്കള,ഡൈനിംഗ് ഹാൾ എന്നിവ ഉൾപ്പെടെ 1700 ചതുരശ്ര അടിയിൽ ഒറ്റ നില വീടാണ് പൂർത്തിയാക്കുന്നത്.ഗുരുദാസന്റെ ബന്ധുവായ സജിത് ലാലിനെയാണ് നിർമ്മാണച്ചുമതല ഏൽപ്പിച്ചിട്ടുള്ളത്.