വർക്കല: അഴിമതി രഹിത സംരക്ഷണ സമിതി പ്രസിഡന്റ് വിളബ്ഭാഗം എസ്.സുശീന്ദ്രനെ ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നതായി സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2020 നവംബർ 27നാണ് ബൈക്കിലെത്തിയ സംഘം സുശീന്ദ്രന്റെ വീടിന് മുന്നിലെ റോഡിൽവച്ച് മർദ്ദിച്ചത്.
ക്വട്ടേഷന് പിന്നിൽ വർക്കലയിൽ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഉദ്യോഗസ്ഥന്റെ പങ്ക് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് നിരാകരിക്കുകയായിരുന്നു. ക്വട്ടേഷൻ സംഘവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഗൂഢാലോചനമൂലമാണ് അതിക്രമം നടത്താൻ ഗുണ്ടാസംഘം തയ്യാറായതെന്നും സുശീന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മുഴുവൻ കുറ്റവാളികളെയും പിടികൂടാനോ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2021 ഫെബ്രുവരിയിൽ അന്വേഷണ ചുമതല ഏൽപ്പിച്ചെങ്കിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിൽനിന്ന് ക്രൈംബ്രാഞ്ചും ഒഴിഞ്ഞുമാറുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടറുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് വിവരാവകാശം നൽകിയതിന്റെ പകയാണ് ഗുണ്ടകളെ ഉപയോഗിച്ച് തന്നെ ആക്രമിച്ചതെന്നും സുശീന്ദ്രൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ കേസിലെ പ്രതികളിൽ ഭൂരിഭാഗം പേരെയും അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന ഒരു പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ അറസ്റ്റുചെയ്യുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് മേധാവി എം. സുൽഫിക്കർ അറിയിച്ചു.