തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്ന നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുത്തതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കുട്ടിരിപ്പുകാരനെ മർദ്ദിച്ച സുരക്ഷാജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിറുത്തിയതായും ഡി.എം.ഇയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേസ് തീർപ്പാക്കി. പഴയ മോർച്ചറിക്ക് എതിർവശം 17, 18, 19 വാർഡുകളിലേക്കുള്ള പ്രവേശന ഗേറ്റിൽ കഴിഞ്ഞ നവംബറിലാണ് കൂട്ടിരിപ്പുകാരന് മർദ്ദനമേറ്റത്. എക്കോ ടെസ്റ്റിന്റെ ഫലം വാങ്ങി വരുമ്പോഴാണ് സുരക്ഷാ ജീവനക്കാർ തടഞ്ഞത്. പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിട്ടില്ല. ഇത് ചോദ്യംചെയ്പ്പോൾ സുരക്ഷാ ജീവനക്കാർ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.