
വെള്ളറട: മലയോര പഞ്ചായത്തുകളിലൊന്നായ കുന്നത്തുകാലിൽ ഏറെക്കാലമായി അനിശ്ചിതത്വത്തിലായിരുന്ന ശ്മശാന നിർമ്മാണം പുരോഗമിക്കുന്നു. അറുപതിറ്റാണ്ടു മുമ്പുവരെ ആയിരങ്ങളുടെ ജീവനെടുത്ത മലമ്പനിയുടെ ദുരന്തം ഏറ്റുവാങ്ങിയ കാലം മുതൽക്കേ ഒരു പൊതു ശ്മശാനം എന്നത് കുന്നത്തുകാലിന്റെ ആവശ്യമായിരുന്നു. സ്വന്തമായി പുരയിടമില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങൾക്ക് മരണപ്പെടുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്കരിക്കാൻ കഴിയാതെ നിസ്സഹായരായ അവസ്ഥ മനസ്സിലാക്കി ഇരുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ് ഗ്രാമപഞ്ചായത്തു ഭരണസമിതി കാരക്കോണം അണിമംഗലത്ത് പൊട്ടൻചിറ കുളത്തിനു സമീപം ഒരേക്കറോളം വസ്തു പൊതു ശ്മശാനത്തിനായി വാങ്ങി.സമീപത്തെ പുരയിടക്കാരും കോൺഗ്രസ് പ്രാദേശിക നേതൃത്വവും ശ്മശാന നിർമ്മാണത്തിനു തടസ്സം നിന്നു. ശ്മശാനത്തിനു സമീപത്തെ ഭൂമി എന്ന പേരിൽ വസ്തുവിന് മതിപ്പു വില കുറയും എന്ന മുടന്തൻ ന്യായം പറഞ്ഞാണ് അവർ നിർമ്മാണത്തിന് തടസ്സം നിന്നത്. നിയമപ്രശ്നങ്ങളും പ്രതിഷേധവും കാരണം നിർമാണം ഏറെ നിണ്ടു. കൊവിഡിൽ മരണപ്പെട്ടവരെ ശാന്തികവാടത്തും, സമീപ പഞ്ചായത്തുകളിലെ ഇലക്ട്രിക് ശ്മശാനങ്ങളിലുമായി സംസ്കരിക്കാൻ അലയുമ്പോഴാണ് ശ്മശാനത്തിന്റെ ആവശ്യകത വീണ്ടും കുന്നത്തുകാലിന് ബോധ്യമായത്. ഗ്രാമ പഞ്ചായത്ത് അടിയന്തിരമായി അത്യാധുനിക രീതിയിലുള്ള ഗ്യാസ് ക്രിമിറ്റോറിയം നിർമ്മിക്കാൻ തീരുമാനമെടുത്തു. ജില്ലാ പഞ്ചായത്ത് ഉപകരണങ്ങക്കും കെട്ടിടങ്ങൾക്കുമായി രണ്ടു പദ്ധതികളായി ഒരു കോടി രൂപാ അനുവദിച്ചു. 50 ലക്ഷം രൂപായോളം ഗ്രാമപഞ്ചായത്തും വകയിരുത്തി. ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്. നാലു മാസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.