
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് മണലി വാർഡിലെ കച്ചേരിക്കുളം മാലിന്യനിക്ഷേപത്തിന്റെ പറുദീസയാകുന്നു. ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കളുടേയും വിഹാരകേന്ദ്രമാണിപ്പോൾ ഇവിടം. കഴിഞ്ഞ കുറേ ദിവസങ്ങളായി ദുർഗന്ധം വമിച്ചതോടെ നാട്ടുകാരും സമീപത്തെ കച്ചവടക്കാരും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിൽ നിന്നും ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലും മാംസാവശിഷ്ടമുൾപ്പെടെ ഇവിടെ നിക്ഷേപിക്കുകയാണ്. വീടുകളിലെത്തി അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ പഞ്ചായത്ത് ഹരിതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ടെങ്കിലും കച്ചേരിക്കുളം പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ട് നിറയുകയാണ്. ചില സാഹചര്യങ്ങളിൽ മാലിന്യം കൂട്ടിയിട്ട് തീയിടുന്നത് വായുമലിനീകരണത്തിന് കാരണമാവുകയാണ്. പഞ്ചായത്തിൽ തരിശ്ഭൂമിയായി കിടക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് കച്ചേരിക്കുളം. ബാലരാമപുരം പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിലേക്കായി ഈ സ്ഥലം കൈമാറാൻ പഞ്ചായത്ത് മുൻ ഭരണസമിതി തീരുമാനം കൈക്കൊണ്ടിരുന്നു. കുളം നികത്തിയുള്ള നിർമ്മാണത്തിന് നിയമതടസ്സമുണ്ടായതോടെ പദ്ധതി പാതിവഴിയിലാവുകയായിരുന്നു.കച്ചേരിക്കുളത്തിനോട് ചേർന്നാണ് പഞ്ചായത്ത് പാർക്കിംഗ് ഏരിയാ സ്ഥിതി ചെയ്യുന്നത്. എന്നാൽ വാഹനങ്ങളെല്ലാം ദേശീയപാതയിലെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതിനാൽ പഞ്ചായത്ത് പാർക്കിംഗ് ഏരിയ വിജനമായ നിലയിലാണ്. കച്ചേരിക്കുളവും പഞ്ചായത്ത് പാർക്കിംഗ് ഏരിയായും സംയോജിപ്പിച്ച് പഞ്ചായത്തിൽ മൈതാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ട്.
കാട്കയറി പുറമ്പോക്ക് ഭൂമി
നീർത്തട സംരക്ഷണനിയമപ്രകാരം കുളം നികത്തിയുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുളം സംരക്ഷിച്ച് നിലനിറുത്താൻ തദ്ദേശസ്വയംഭരണ വകുപ്പോ ജലസംരക്ഷണവകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. കുളത്തോട് ചേർന്ന് വാഴക്കൃഷി, പച്ചക്കറിക്കൃഷി, വൃക്ഷത്തൈ സംരക്ഷണം എന്നിവ നടപ്പാക്കാൻ വേണ്ടുവോളം സ്ഥലം ലഭ്യമാണ്. പഞ്ചായത്തിൽ ഏക്കറുകണക്കിന് പുറമ്പോക്ക് ഭൂമി കാട്കയറി നശിക്കുകയാണ്.
പദ്ധതികൾ വേണം
പുതിയ ആശയങ്ങളിലൂടെ തരിശ്ഭൂമിയെ ഉപയോഗപ്പെടുത്താനോ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാനോ പഞ്ചായത്ത് ഭരണസമിതിയിൽ യാതൊരുവിധ ചർച്ചകളോ തീരുമാനങ്ങളോ നടക്കുന്നില്ലെന്നാണ് പരാതി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പണ്ടാരക്കരി പാടശേഖരത്തിലെ കഴിഞ്ഞ 27 വർഷങ്ങളായി തരിശായി കിടന്ന 25 ഏക്കർ സ്ഥലത്ത് തരിശുനിലം നെൽക്കൃഷി വിളവെടുപ്പ് നടത്തിയിരുന്നു. എന്നാൽ ബാലരാമപുരം പഞ്ചായത്തിലും ഇത്തരത്തിൽ നൂതനമായ ഒരു പദ്ധതി നടപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നാണ് പൊതുവായ ആവശ്യം.