ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസ് ഉൾപ്പെടെയുള്ള ദേശീയപാതാ വികസനം സാദ്ധ്യമാകുന്നത് ഇടത് സർക്കാരിന്റെ ശ്രമഫലമായാണെന്നും എം.പിയുടെ അവകാശവാദങ്ങൾ തെറ്റാണെന്നും എൽ.ഡി.എഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2011ൽ കേന്ദ്രനിലപാടുകൾക്ക് മുന്നിൽ പകച്ചുനിന്നവരാണ് യു.ഡി.എഫ് സർക്കാർ. ഒരിഞ്ച് ഭൂമി പോലും ഏറ്റെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. ഭൂമി ഏറ്റെടുക്കലിന് ഉത്തരവാദിത്വമുണ്ടായിരുന്ന അന്നത്തെ റവന്യൂ മന്ത്രിയാണ് ഇന്ന് ആറ്റിങ്ങൽ ബൈപ്പാസിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് നേതാക്കളും എം.എൽ.എമാരും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെ റോഡ് വികസനം ചെലവേറിയതാണെന്ന് പറഞ്ഞ് കേന്ദ്രം തടസവാദം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി കിഫ്ബി വഴി 25 ശതമാനം തുക നൽകാമെന്ന് ധാരണാപത്രം ഒപ്പിട്ടു. അതിനുശേഷമാണ് കേരളത്തിലെ ദേശീയപാതാ വികസനത്തിന് പുതുജീവൻ കൈവന്നത്. ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടെയുള്ള ദേശീയപാതാ വികസനത്തിന് ഓരോഘട്ടത്തിലും തടസങ്ങൾ നേരിട്ടപ്പോൾ ബി. സത്യൻ എം.എൽ.എയുടെ നേതൃത്വത്തിലാണത് പരിഹരിച്ചത്. ഇതെല്ലാം മറച്ചുവച്ച് ആറ്റിങ്ങൽ എം.പി ഇപ്പോൾ വികസനത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് അപഹാസ്യമാണെന്ന് എൽ.ഡി.എഫ് നേതാക്കളായ അഡ്വ. ബി. സത്യൻ, എം.എൽ.എമാരായ ഒ.എസ്. അംബിക, വി. ശശി എന്നിവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. സുഭാഷ്, അഡ്വ. ഷൈലജ ബീഗം, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. എസ്. ഫിറോസ് ലാൽ, ഘടകകക്ഷി നേതാക്കളായ കെ.എസ്. ബാബു, വല്ലൂർ രാജീവ്, കോരാണി സനൽ, സാലി, മഹേഷ് പോറ്റി എന്നിവർ പങ്കെടുത്തു.