തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന യുവജനക്ഷേമ ബോർഡിന്റെയും മാജിക്ക് അക്കാഡമിയുടെയും ശ്രമങ്ങൾ മാതൃകയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡും മാജിക്ക് അക്കാഡമിയും ചേർന്ന് കിൻഫ്ര പാർക്കിലെ മാജിക്ക് പ്ലാനറ്റിൽ സംഘടിപ്പിച്ച 'അവളിടം" പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും മന്ത്രി ആസ്വദിച്ചു. ഇതിൽ ശ്രീകാന്ത് എന്ന കുട്ടി പാടിയ 'ശങ്കരാഭരണം" എന്ന പാട്ടുകേട്ടപ്പോൾ തന്റെ കണ്ണിൽ നിന്നുതിർന്ന രണ്ടുതുള്ളി കണ്ണുനീരാണ് ഈ ചടങ്ങിന്റെ ഉദ്ഘാടനമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന ട്രെയിനർമാരെ മന്ത്രി അഭിനന്ദിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നതിനും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടും യുവജനക്ഷേമ ബോർഡ് എല്ലാ പഞ്ചായത്തുകളിലും രൂപീകരിച്ച 'അവളിടം" ക്ലബിലെ അംഗങ്ങളിൽ നിന്ന് ഓരോ ജില്ലയിലെയും രണ്ട് വനിതകളെ വീതം ഉൾപ്പെടുത്തി 28 പേർക്കാണ് 10 ദിവസത്തെ പരിശീലനം നൽകിയത്. മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായുള്ള സഹവാസക്യാമ്പ് പൂർത്തിയാക്കിയവർ എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാരുടെ ക്ലബുകൾ രൂപീകരിക്കാൻ നേതൃത്വം നൽകും. ഇതിനുപുറമെ ട്രാൻസ്‌ജെൻഡേഴ്സിന്റെ ക്ലബുകളും രൂപീകരിക്കും. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. മാജിക്ക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ മജീഷ്യൻ ഗോപിനാഥ് മുതുകാട്, സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. എസ്. ചിത്ര, യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോഓർഡിനേറ്റർ എ.എം. അൻസാരി, ബോർഡ് അംഗം സന്തോഷ് കാല, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷീജ .ബി തുടങ്ങിയവരും പങ്കെടുത്തു.