1

വിഴിഞ്ഞം: കഴിവുകെട്ട ആഭ്യന്തരവകുപ്പിന്റെ രക്തസാക്ഷിയാണ് തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സുരേഷിന്റെ ബന്ധുക്കളെ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് കസ്റ്റഡിയിലെ മരണം വേദനാജനകമായ സംഭവമാണ്. കേസ് ഗൗരവമായി അന്വേഷിക്കാൻ സർക്കാരും പൊലീസും തയ്യാറാകുന്നില്ല. ആരോപണവിധേയരായ ഉദ്യോഗസ്ഥർ ജോലിയിൽ തുടരുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. സുരേഷിന്റെ കുടുംബത്തിന് സഹായം നൽകണം. പാർട്ടിക്കകത്തും പുറത്തും ആഭ്യന്തരവകുപ്പിനെതിരേ വിമർശനങ്ങൾ ഉയർന്നിട്ടും അത് പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സുരേഷിനൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ ബന്ധുക്കളെ കാണാൻ അനുവദിക്കാത്തതിൽ ദുരൂഹതയുണ്ട്. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം. വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ, നേതാക്കളായ എസ്.എം. ബാലു ജയചന്ദ്രൻ, പനത്തുറ പുരുഷോത്തമൻ, തിരുവല്ലം പ്രസാദ്, എസ്. താമരാക്ഷൻ, കൈമനം പ്രഭാകരൻ, പുഞ്ചക്കരി സുരേഷ്, ആർ. ഹരികുമാർ, കൊഞ്ചിറവിള വിനോദ്, ലീന ഗിരിജ, വെങ്ങാനൂർ ശ്രീകുമാർ, ബാലരാമപുരം സുധീർ, അഡോൽഫ് ജെറോം എന്നിവരും ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.