തിരുവനന്തപുരം: മണക്കാട് കൗൺസിലർ കെ.കെ. സുരേഷിനെതിരെ ഭരണസമിതി അനുകൂല യൂണിയൻ നേതാക്കൾ നഗരസഭാ ഓഫീസിൽ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ ധർണ നടത്തി. നഗരസഭാ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ബി.ജെ.പി കൗൺസിൽ പാർട്ടി നേതാവ് എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഭരണസമിതിയുടെ അഴിമതികൾക്കെതിരെ ബി.ജെ.പി നടത്തിയ സമരത്തോടുള്ള പകവീട്ടലാണ് സി.പി.എം നടത്തുന്നതെന്ന് എം.ആർ. ഗോപൻ പറഞ്ഞു. ചില ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും ബി.ജെ.പി കൗൺസിലർമാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ പറഞ്ഞു. മുതിർന്ന നേതാവും പാൽക്കുളങ്ങര വാർഡ് കൗൺസിലറുമായ പി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിമി ജ്യോതിഷ്, വി.ജി. ഗിരികുമാർ, ജാനകി അമ്മാൾ, ആശാനാഥ്, പദ്മലേഖ, ശ്രീദേവി, നന്ദാ ഭാർഗവ് തുടങ്ങിയവർ പങ്കെടുത്തു.