
തിരുവനന്തപുരം: വൻതുക കമ്മിഷൻ കൈപ്പറ്റി എസ്.ബി.ഐയുടെ വെള്ളയമ്പലം ബ്രാഞ്ചിൽ വ്യാജരേഖകൾ ഹാജരാക്കി ഒരു കോടിയോളം രൂപയുടെ എക്‌സ്‌പ്രസ് ക്രെഡിറ്റ് ലോണുകളെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. മുരുക്കുംപുഴ സ്വദേശിയായ ആക്കുളം പ്രശാന്ത് നഗർ ഉഷസ് വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന അജിയെന്ന് വിളിക്കുന്ന അനിലിനെയാണ് (45) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌തത്. ഈ കേസിലെ മുഖ്യപ്രതി ശ്രീകാന്തിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകളും ഐ.ഡി കാർഡുകളും ഉൾപ്പെടെ നിരവധി വ്യാജരേഖകൾ നിർമ്മിച്ച് ഹാജരാക്കിയാണ് പ്രതി ഉൾപ്പെട്ട സംഘം ഒരുകോടിയോളം രൂപയുടെ വായ്‌പകളെടുത്തത്. ഇത്തരത്തിൽ നിരവധി ലോണുകൾ വ്യാജരേഖകൾ ഹാജരാക്കി വിവിധ ബാങ്കുകളിൽ നിന്ന് സംഘം എടുത്തിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലോൺ ഒന്നിന് ഒരു ലക്ഷം രൂപവരെ കമ്മിഷൻ കൈപ്പറ്റിയാണ് പ്രതികൾ ഇടനിലക്കാരായി നിന്ന് ലോണെടുത്ത് നൽകുന്നത്. ഇപ്പോൾ പിടിയിലായ അനിലാണ് വായ്‌പാതട്ടിപ്പിനുള്ള വ്യാജരേഖകൾ നിർമ്മിച്ചിരുന്നത്. ഇയാൾക്കെതിരെ ആറ്റിങ്ങൽ, കഴക്കൂട്ടം, മംഗലപുരം തുടങ്ങിയ സ്റ്രേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. സംഘത്തിലെ മറ്റ് പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.