p

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ കടവും നികുതിയും കൂടിയേക്കും. കൊവിഡ്കാലത്തെ വരുമാന നഷ്ടവും കേന്ദ്രസഹായം കുറഞ്ഞതും വൻസാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചേക്കും. ഇത് മറികടക്കണമെങ്കിൽ ധനവരവ് കൂട്ടണം. എന്നാൽ വില്പന നികുതി ഉൾപ്പെടെ കൂട്ടാൻ അധികാരമില്ല. സംസ്ഥാന പരിധിയിലുള്ള നികുതികളും നികുതി ഇതര സേവനങ്ങളുടെ നിരക്കും ഉയർത്തി പിടിച്ചുനിൽക്കാനായിരിക്കും ശ്രമം. കൂടുതൽ വായ്പ വേണ്ടിവരും.

കേന്ദ്രനയത്തിൽ മാറ്റം വന്നത് മൂന്ന് തരത്തിലാണ് ധനവരവിനെ ബാധിക്കുന്നത്. ധനകാര്യകമ്മിഷൻ ശുപാർശപ്രകാരം ലഭിക്കുന്ന ഡിവിസീവ് പൂളിൽനിന്നുള്ള വിഹിതം കുറയും. ജി.എസ്.ടി നഷ്ടപരിഹാരം ജൂൺ മുതൽ കിട്ടാതാവും. ധനക്കമ്മി കുറയ്ക്കുന്നതിനുള്ള കേന്ദ്ര ഗ്രാൻഡും കുറയും.

ഇൗ മൂന്നിലുമായി 12000 മുതൽ 16000 കോടി രൂപവരെയാണ് കുറയുന്നത്. ഇതിന് പുറമെയാണ് കൊവിഡ് മൂലം സാമ്പത്തിക, വാണിജ്യ, വ്യാപാരരംഗത്തുണ്ടായ വരുമാന നഷ്ടം.

കടബാദ്ധ്യത 3.27ലക്ഷം കോടി രൂപയാണ്. ചെലവ് കുറയ്ക്കുകയും വരുമാനം കൂട്ടുകയും ചെയ്തില്ലെങ്കിൽ വായ്പാ ബാദ്ധ്യത 40000കോടി രൂപയെങ്കിലും വർദ്ധിച്ചേക്കും. ഇതിന് പുറമെയാണ് സിൽവർലൈൻ പോലുള്ള അധിക ബാദ്ധ്യതകൾ. കിഫ്ബി 70000കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. സിൽവർ ലൈനുവേണ്ടി 66000കോടിരൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷ്യകിറ്റ് പോലുള്ള പദ്ധതികൾ ഉപേക്ഷിച്ച് ചെലവ് കുറച്ചാലും സാമൂഹ്യസുരക്ഷാപെൻഷൻ തുടരേണ്ടിവരും.

സ്റ്റാമ്പ്, രജിസ്ട്രേഷൻ, മദ്യം, പെട്രോൾ, ബാർ, ലോട്ടറി എന്നിവയിൽ നിന്നുള്ള നികുതി വരുമാനം കൂട്ടാനായിരിക്കും ശ്രമം. സർക്കാർ സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്ക് വർദ്ധിപ്പിക്കാനും പ്രൊഫഷണൽ ടാക്സ് ഉയർത്താനും സാധ്യതയുണ്ട്. ജി.എസ്.ടി. വർദ്ധിപ്പിക്കാൻ കഴിയില്ലെങ്കിലും നികുതിചോർച്ച തടയാനും നികുതിപിരിവ് കർശനമാക്കാനും നടപടിയുണ്ടാകും.

നിലവിൽ 1.31ലക്ഷംകോടിയാണ് റവന്യുചെലവ്. അടുത്ത ബഡ്ജറ്റിൽ അത് 1.50ലക്ഷം കോടി കവിഞ്ഞേക്കും.ശമ്പള, പെൻഷൻ പരിഷ്ക്കരണത്തോടെ 4600കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടായി. ഇതിന് പുറമെയാണ് സാമൂഹ്യസുരക്ഷാപദ്ധതികളിലെ ചെലവ്. രാജ്യത്ത് ശരാശരി 3500കോടിരൂപയാണ് സാമൂഹ്യസുരക്ഷയ്ക്ക് ഒാരോ സംസ്ഥാനവും ചെലവാക്കുന്നത്. കേരളത്തിൽ അത് 12000കോടിക്ക് പുറത്താണ്.

#ചെലവ് കുറയ്ക്കും,വരുമാനം കൂട്ടും

*നികുതി പിരിവ് കർശനമാക്കും

*സാമൂഹ്യസുരക്ഷാ പദ്ധതി ചെലവ് കുറയ്ക്കും

*തസ്തികകൾ വെട്ടിക്കുറയ്ക്കും, പുതിയവയ്ക്ക് നിയന്ത്രണം

*നിരക്കുകൾ വർദ്ധിപ്പിച്ച് നികുതി ഇതര വരുമാനം കൂട്ടും

*പലതിനും സെസ്, ഇലക്ട്രിസിറ്റിക്ക് ഡ്യൂട്ടി

*ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കും

*പദ്ധതിച്ചെലവ് കുറച്ചേക്കും

*ഭൂമിവില ഉയർത്തും, സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടും

തനത നികുതി വരുമാനം

(കോടി രൂപ)

2018-19 - 50644

2019-20 -50323

2020-21 -45272

2021-22 -39475(എസ്റ്റിമേറ്റ്)

പെരുകുന്ന കടം

(ലക്ഷം കോടി)

2018-19 - 2.35

2019-20 - 2.62

2020-21 - 2.96

2021-22 - 3.27(എസ്റ്റിമേറ്റ്)

2022-23 - 3.65 (ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത്)