പൂവാർ: കൊവിഡ് രോഗവ്യാപനത്തോത് കുറഞ്ഞതോടെ പൂവാർ പൊഴിക്കരയിലേക്ക് ടൂറിസ്റ്റുകൾ ഒഴുകിയെത്താൻ തുടങ്ങിയതോടെ അപകടങ്ങളും പതിവായെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് അപകടങ്ങളാണ് പൊഴിക്കരയിലെ ഗോൾഡൻ ബീച്ചിൽ മാത്രം സംഭവിച്ചത്. അപകടത്തിന് ഇരയായവരാകട്ടെ അന്യസംസ്ഥാനക്കാരും. സാഹസികമായാണ് ലൈഫ് ഗാർഡുകൾ ഇവരുടെ ജീവൻ രക്ഷിച്ചത്.

കടലിലും കായലിലും മുങ്ങിക്കുളിച്ചും വിശാലമായ മണൽപരപ്പിൽ വിശ്രമിച്ചും സഞ്ചാരികൾ ഒഴിവ് ദിനങ്ങൾ ആഘോഷമാക്കുകയാണ്. വൈകുന്നേരം തീരം ടൂറിസ്റ്റുകളെ കൊണ്ട് നിറയും. മലയാളികൾ തന്നെയാണ് കൂടുതലും.

അപകടങ്ങൾ ഏറിയിട്ടും അവയെ ചെറുക്കാനോ പൊഴിക്കരയും സമീപ പ്രദേശങ്ങളെയും സുരക്ഷിതമാക്കാനോ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നാണ് പ്രധാന ആരോപണം.

പ്രധാന ആവശ്യങ്ങൾ

കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പ് വരുത്തണം

ലൈഫ് ഗാർഡുകൾക്ക് കൂടുതൽ സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കണം

പൊലീസ് ഔട്ട് പോസ്റ്റ് നിർബന്ധമാക്കണം

പൂവാർ പൊലീസിന് കായലിലും കോസ്റ്റൽ പൊലീസിന് കടലിലും ലാൻഡ് ചെയ്യാൻ പറ്റുന്ന ബോട്ട് വേണം

അപകടങ്ങൾ പതിവ്

കടലിൽ കുളിക്കുന്നതിനിടയിലോ, കൂട്ടമായി കളിക്കുന്നതിനിടയിലോ ആണ് അപകടത്തിൽപ്പെടുന്നത്. ശക്തമായ തിരമടക്കിൽ അകപ്പെടുന്നവരെ രക്ഷിക്കുക പ്രയാസമേറിയ കാര്യമാണെന്നും ലൈഫ് ഗാർഡുകൾ പറയുന്നു. പൊഴിമുറിഞ്ഞ് ശക്തമായ നീരൊഴുക്കുള്ളപ്പോൾ അപകടങ്ങൾ നടക്കുന്നത് പതിവാണ്.

സഞ്ചാരികളെ ആകർഷിച്ച് ബോട്ട് സവാരി

ബ്രേക്ക് വാട്ടറിലെ ബോട്ട് സവാരിയാണ് ഇവിടെ പ്രധാനം. നെയ്യാർ നദിയിലും, ചരിത്ര പ്രസിദ്ധമായ എ.വി.എം കനാലിലും ചകിരിയാറിന്റെ കുറച്ച് ഭാഗങ്ങളിലുമായാണ് മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ബോട്ട് സവാരി. കണ്ടൽക്കാടുകൾക്കിടയിലൂടെ സഞ്ചരിച്ച് അപൂർവ ഇനം സസ്യങ്ങളെയും വിവിധതരം ദേശാടന പക്ഷികളെയും കാണാനാകുമെന്നതാണ് ഈ ബോട്ട് സവാരിയുടെ പ്രത്യേകത.