ബാലരാമപുരം: പാചകവാതക സിലിണ്ടറിൽ തൂക്കത്തിൽ ക്രമക്കേടെന്ന പരാതിയുമായി ബേക്കറിയുടമ. ദേശീയപാതയിൽ റിലയൻസ് പമ്പിന് എതിർവശം പ്രവർത്തിക്കുന്ന മീന ബേക്കറി ആൻഡ് റെസ്റ്റോറന്റിൽ വിതരണം ചെയ്ത സിലിണ്ടറിലാണ് തൂക്കക്കുറവ് വന്നത്. ബേക്കറിയുടമ കുമാർ ഉടൻ തന്നെ താലൂക്ക് സപ്ലൈ ഓഫീസറെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിലിണ്ടറിന്റെ തൂക്കം പരിശോധിച്ചപ്പോൾ അഞ്ച് സിലിണ്ടറിൽ മൂന്നെണ്ണത്തിൽ പത്ത് കിലോയോളം തൂക്കത്തിൽ വ്യത്യാസം ഉള്ളതായി സ്ഥിരീകരിക്കുകയും നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഭാരത് ഗ്യാസ് എജൻസിയാണ് ബേക്കറിയിലേക്ക് ഗ്യാസ് സപ്ലൈ ചെയ്യുന്നത്. ഒരു മാസം അമ്പതിലേറെ സിലിണ്ടറുകളാണ് ബേക്കറിയിൽ വാണിജ്യ ആവശ്യത്തിനായി എത്തിക്കുന്നത്. അളവിൽ കൃത്രിമം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലെന്നാണ് ഉടമ പറയുന്നത്. വരും ദിവസങ്ങളിൽ അധികൃതർക്ക് രേഖാമൂലം പരാതി നൽകുമെന്നും ബേക്കറിയുടമ അറിയിച്ചു.