
നെയ്യാറ്റിൻകര: രോഗാവസ്ഥ തീവ്രവേദന നൽകി അവശയാക്കിയിട്ടും തൃശൂരിൽ കീമോയ്ക്ക് വിധേയയായ വിദ്യാർത്ഥിക്ക് തന്റെ തലമുടി മുറിച്ചുനൽകി മാതൃകയായ ഭദ്രയുടെ ചികിത്സ നിംസ് മെഡിസിറ്റി ഏറ്റെടുത്തു. ഭദ്രയെക്കുറിച്ച് ഫെബ്രുവരി 20ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മാരായമുട്ടം തത്തിയൂർ നിരപ്പിൽ ഗോവിന്ദത്തിൽ മണികണ്ഠന്റെയും ശ്രീകലയുടെയും ഏകമകളായ അമരവിള 9-ാം ക്ലാസുകാരി ഭദ്രയ്ക്ക് ഒന്നര വയസ് മുതൽ അനുഭവപ്പെടുന്ന കഠിനമായ വയറുവേദനയാണ് അസുഖം. അസുഖം കാരണം ഇതുവരെയും സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി ഡോക്ടർമാരെ കണ്ടിട്ടും എന്താണ് അസുഖമെന്ന് ഇതുവരെയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗത്തിന്റെ ചികിത്സയിലായിരിക്കുന്ന ഭദ്രയ്ക്ക് നിരവധി പരിശോധനകൾ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. അസുഖം എന്താണെന്ന് കണ്ടെത്തി പൂർണമായും ചികിത്സിച്ച് ഭേഭമാകുന്നത് വരെയുള്ള മുഴുവൻ ചികിത്സാ ചെലവും നിംസ് മെസിസിറ്റി വഹിക്കുമെന്ന് എം.ഡി എം.എസ്. ഫൈസൽഖാൻ ഭദ്രയുടെ മാതാപിതാക്കളെ അറിയിച്ചു. ചികിത്സ സംബന്ധിച്ച് നിംസിലെ ചീഫ് ഗാസ്ട്രോ എൻറോളജി ഡോ. ജയകുമാർ, ചീഫ് ഗാസ്ട്രോ സർജൻ ഡോ. ആന്റണി, ചീഫ് നെഫ്രോളജിസ്റ്റ് ഡോ. മഞ്ചു തമ്പി, ചീഫ് എൻട്രോ ക്രൈനോളജിസ്റ്റ് ഡോ. ശശികുമാർ, ലാപ്രോസ്കോപ്പി സർജൻ ഡോ. അസീം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യോഗം ചേർന്ന് വിലയിരുത്തി. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ഭദ്രയുടെ ചികിത്സ സംബന്ധിച്ച വിവരം നിംസ് എം.ഡിയെ അറിയിച്ചത്. ആഗ്രഹം പോലെ ഒരു ഡോക്ടറായി തീരട്ടെയെന്നും ഭദ്രയെ ആശംസിക്കുകയും ചികിത്സയ്ക്കായി ഇനി അലയേണ്ടെന്നും നിംസ് എം.ഡി ഉറപ്പുനൽകിയതായി രക്ഷിതാക്കൾ പറഞ്ഞു.