തിരുവനന്തപുരം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള എം.എൽ.എമാരുടെയും എം.പിമാരുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച ശേഷമാണ് ചെറുജാഥകളായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നീങ്ങിയത്. വനിതാ പ്രവർത്തകരുടെ വലിയ സാന്നിദ്ധ്യവും ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് വിപുലമായ സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും സമരത്തിന്റെ തുടക്കത്തിൽ സ്റ്റാച്യു വഴിയുള്ള ഗതാഗതത്തിന് പ്രശ്നം നേരിട്ടിരുന്നു. സ്റ്രാച്യുവിലേക്കുള്ള ചെറുറോഡുകളിലും തിരക്ക് അനുഭവപ്പെട്ടു. പ്രധാന നേതാക്കളെയും ജനപ്രതിനിധികളെയും അവരുടെ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഷാളണിയിച്ചു. ജനപ്രതിനിധികളല്ലാത്ത യു.ഡി.എഫ് നേതാക്കളുടെ വിപുലമായ നിരയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ചെത്തി. മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, പി.ജെ. ജോസഫ്, ഘടകകക്ഷി നേതാക്കളായ ടി. ശരത്ചന്ദ്രപ്രസാദ്, എൻ. ശക്തൻ, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, പുനലൂർ മധു, എ.എ. അസീസ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോസഫ് എം. പുതുശ്ശേരി, വാക്കനാട് രാധാകൃഷ്ണൻ, സലിം പി. മാത്യു , റാം മോഹൻ, പാച്ചല്ലൂർ നുജുമുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.