തിരുവനന്തപുരം: വ്യവസായ പരിശീലന വകുപ്പ് സംസ്ഥാനത്തെ ഐ.ടി.ഐകളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കായി സ്‌പെക്‌ട്രം തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ഷമ്മി ബേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 8, 9 തിയതികളിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ നടക്കുന്ന മേള 8ന് രാവിലെ 10ന് ഒ.എസ്. അംബിക എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. പങ്കെടുക്കാനായി www.spectrumjobs.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഇതിനോടകം 98 കമ്പനികളും 5773 ഉദ്യോഗാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധനുവച്ചപുരം ഐ.ടി.ഐ പ്രിൻസിപ്പൽ ജയശ്രീ അയ്യർ, ആറ്റിങ്ങൽ ഐ.ടി.ഐ പ്രിൻസിപ്പൽ സുധാ ശങ്കർ, മലയിൻകീഴ് ഐ.ടി.ഐ പ്രിൻസിപ്പൽ ദിലീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.