
തിരുവനന്തപുരം: 'ആനാവൂർ നാഗപ്പൻ സാർ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോൾ എന്റെ മനസിൽ ആദ്യം ഓടിയെത്തിയത് കൈത്തറി തൊഴിലാളി നേതാവായിരുന്ന സഖാവ് എസ്.ഡി. ബാലനെയാണ്. അദ്ദേഹമാണ് എനിക്ക് ആദ്യമായി പാർട്ടി മെമ്പർഷിപ്പ് തന്നത്. പാർട്ടി ഏൽപ്പിച്ച കൂടുതൽ ഉത്തരവാദിത്തം ആത്മാർത്ഥതയോടെ നിർവഹിക്കും. ഇത്തരമൊരു സ്ഥാനം പാർട്ടി അംഗത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട നിയോഗമാണ്.'
സി.പി.എം സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് അഡ്വ. വി. ജോയിയുടെ ആദ്യ പ്രതികരണമിതായിരുന്നു. വന്ന വഴി മറക്കാത്ത ആ നിലപാടുകൾ തന്നെയാണ് തീരദേശത്തിന്റെ ഈ പോരാട്ടക്കാരനെ ഈ പദവിയിലെത്തിച്ചതും. തീരദേശ ഗ്രാമമായ ചിറിയിൻകീഴിലെ അഴൂരിൽ നിന്നുയർന്ന് ജില്ലയിലെ പ്രമുഖ സി.പി.എം നേതായി വളർന്ന അഡ്വ. വി. ജോയി എന്ന 54 കാരന് പാർട്ടിയിൽ ഇനി പുതിയ നിയോഗം.
അത്ര ഉറപ്പില്ലാതിരുന്ന വർക്കല നിയോജകമണ്ഡലത്തിൽ നിന്ന് 2016ൽ രണ്ടായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. രണ്ടാമൂഴത്തിൽ പതിനേഴായിരത്തിലധികമായി ഭൂരിപക്ഷം ഉയർന്നു. ഇതോടൊപ്പം ചിറയിൻകീഴ് മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കു കൂടി പരിഗണിച്ചാണ് രണ്ടു മാസം മുൻപ് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുത്തത്. ഇപ്പോൾ സംസ്ഥാന സമിതിയിലേക്കും.
ചിറയിൻകീഴ് ശ്രീചിത്തിര വിലാസം സ്‌കൂൾ ലീഡർ, ചെമ്പഴന്തി എസ്.എൻ കോളേജിൽ നിന്നും തുടർച്ചയായി രണ്ട് വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കേരള സർവകലാശാല യൂണിയൻ എക്സിക്യുട്ടീവ് അംഗം,സെനറ്റ് അംഗം,എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്,ജില്ലാ സെക്രട്ടറി,ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ മികവ് തെളിയിച്ചു. രണ്ടുതവണ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. തുടർന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
കുമാരനാശാൻ സ്മാരക ഗവേണിംഗ് ബോർഡംഗം, പെരുങ്കുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തനകാലത്ത് സമരമുഖങ്ങളിൽ ജോയിക്ക് പൊലീസിന്റെ ക്രൂരമർദ്ദനങ്ങളേറ്റു. സെക്രട്ടേറിയറ്റിന് മുന്നിൽ നിലത്തു വീണ ജോയിയുടെ മുഖത്ത് പൊലീസ് ബൂട്ടിട്ട് ചവിട്ടി. അന്ന് താടിയെല്ലുകൾ തകർന്നുണ്ടായ പൊട്ടലിന്റെ വേദന ഇന്നും മാറിയിട്ടില്ല. അഴൂർ, പെരുംകുഴി സൗഹൃദത്തിൽ പരേതരായ വിജയന്റെയും ഇന്ദിരയുടെയും മകനായ വി. ജോയി ബി.എ, എൽഎൽ.ബി ബിരുദധാരിയാണ്. സുനിതയാണ് ഭാര്യ. അവസാന വർഷ ഹോമിയോ വിദ്യാർത്ഥി ആര്യയും എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥി ആർഷയും മക്കൾ.