
തിരുവനന്തപുരം: വെൺപാലവട്ടം ശ്രീ ഭഗവതിക്ഷേത്ര ട്രസ്റ്റ് നൽകിവരുന്ന വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്‌ക്കാരം പ്രശസ്‌ത ഗായകൻ എം.ജി. ശ്രീകുമാറിന് നൽകാൻ തീരുമാനിച്ചതായി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന പഞ്ചലോഹ നിർമ്മിതമായ ശ്രീചക്രമേരുവാണ് ശ്രീചക്ര പുരസ്‌കാരം. മുൻവർഷങ്ങളിൽ ശ്രീചക്ര പുരസ്‌കാരം പിന്നണി ഗായകരായ പി.ജയചന്ദ്രനും ജി.വേണുഗോപാലിനുമാണ് നൽകിയിട്ടുളളത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് മാർച്ച് 9ന് വൈകുന്നേരം 6ന് ചേരുന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ വച്ച് മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം നൽകും. കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡ് സമ്മാനിക്കുന്നത്. ചടങ്ങിൽ ഡോ.ബിജു രമേശ്, ഡോ.എം.ആർ തമ്പാൻ, കെ.സുദർശനൻ, ഡോ.കെ.ഹരീന്ദ്രൻ നായർ, ഡി.ജി. കുമാരൻ, എസ്.അജിത്കുമാർ, ഡോ.ബി.എസ് ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.